തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം 28-ന് നിലവില്‍ വരുന്നതോടെ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികകള്‍ വ്യാഴാഴ്ച മുതല്‍ സമര്‍പ്പിക്കാം. ഏപ്രില്‍ നാലുവരെ സ്വീകരിക്കും. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
ഒരു ജില്ലയില്‍ രണ്ടോ അതിലധികമോ മണ്ഡലങ്ങളുണ്ടെങ്കില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ ഉണ്ടാകും. അത്തരം മണ്ഡലങ്ങളില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കും പത്രിക സമര്‍പ്പിക്കാം. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ സ്വീകരിക്കും.
പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ഥിയുടെ പൂര്‍ണവിവരം അടങ്ങിയ ഫോം 26 കൂടി സമര്‍പ്പിക്കണം. സ്ഥാവരജംഗമവസ്തുക്കള്‍ അടക്കമുള്ള സ്വത്ത്, വായ്പാവിവരങ്ങള്‍, സര്‍ക്കാര്‍സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശ്ശിക തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തണം.
പത്രിക സമര്‍പ്പിക്കുന്നയാളുടെ പേരില്‍ ക്രിമിനല്‍ക്കേസുകളുണ്ടെങ്കില്‍ എഫ്.ഐ.ആര്‍. അടക്കം പൂര്‍ണ വിവരങ്ങളും ഫോം 26-ല്‍ പരാമര്‍ശിക്കണം. ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ട തുക. ഏപ്രില്‍ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. എട്ടുവരെ പിന്‍വലിക്കാന്‍ സമയമുണ്ട്.
Post Your Comments