പരവൂര്‍: സംസ്ഥാനത്തെ കൊടുംചൂട് മത്സ്യ സമ്പത്തിനെ ബാധിയ്ക്കുന്നു. കടുത്ത വേനലില്‍ കടല്‍വെള്ളത്തിന് മുമ്പൊരിക്കലുമില്ലാത്ത നിലയില്‍ ചൂട് വര്‍ധിച്ചതോടെ മീനുകള്‍ ഉള്‍വലിഞ്ഞതാണ് ഇതിനു കാരണം. ഇതുമൂലം തെക്കുംഭാഗം, പൊഴിക്കര കടപ്പുറത്ത് മീന്‍ കിട്ടാതായി. ഒരു മാസം മുമ്പുവരെ വന്‍തോതില്‍ മത്സ്യം കിട്ടിയിരുന്ന പൊഴിക്കര കടപ്പുറത്ത് പതിനായിരക്കണക്കിന് രൂപയുടെ മത്സ്യക്കച്ചവടമാണ് നടന്നിരുന്നത്. എന്നാല്‍ ഇന്നത് കുത്തനേ താഴ്ന്നു.
വരള്‍ച്ച രൂക്ഷമായതും കടലില്‍ മത്സ്യസമ്പത്ത് വല്ലാതെ കുറഞ്ഞതും പലരും മത്സ്യബന്ധനത്തിന് പോകാത്ത അവസ്ഥയായി. ചില്ലയ്ക്കല്‍ കടപ്പുറത്തും മത്സ്യബന്ധനം ഇപ്പോള്‍ നാമമാത്രമാണ്. ഇവിടെയും കടലില്‍ മണിക്കൂറുകള്‍ പണിയെടുത്ത് നിരാശരായാണ് തിരികെ വരുന്നത്. തെക്കുംഭാഗം, കാപ്പില്‍ കടപ്പുറത്തും മത്സ്യം വാങ്ങാനെത്തുന്ന പലരും നിരാശരായി മടങ്ങുകയാണ്. ഇവിടെയും വിരളമായെങ്കിലും കടലില്‍ പോകുന്നവര്‍ക്ക് മിക്ക ദിവസങ്ങളിലും കിട്ടുന്നത് ചാളയും നെത്തോലിയുമാണ്. മത്സ്യലഭ്യത കുറവായതിനാല്‍ കിട്ടുന്ന മീനിന് തീവിലയാണ്.
Post Your Comments