തിരുവനന്തപുരം: ജനുവരി 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാർച്ച് 25 വരെ പട്ടികയിൽ പേര് ചേർക്കാൻ ഏകദേശം 9 ലക്ഷം അപേക്ഷകൾ കൂടി ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതിൽ പുതിയ വോട്ടർമാർക്കൊപ്പം മണ്ഡലം മാറുന്നതിനുള്ള അപേക്ഷകളുമുണ്ട്. അപേക്ഷകൾ പരിശോധിച്ച് ഏപ്രിൽ നാലിനകം തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാർക്കും തഹസിൽദാർമാർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. കോഴിക്കോട് ജില്ലയിൽ നിന്നാണ് കൂടുതൽ അപേക്ഷകർ, 1,11,000 പേർ. മലപ്പുറത്ത് നിന്ന് ഏകദേശം 1,10,000 അപേക്ഷകൾ പുതിയതായി ലഭിച്ചിട്ടുണ്ട്. വയനാട് ജില്ലയിലാണ് കുറവ്, 15,000 പേർ. ഇപ്പോൾ അപേക്ഷ നൽകിയതിൽ 23,472 പേർ പ്രവാസികളാണ്. ജനുവരി 30ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 2,54,08,711 പേരാണുണ്ടായിരുന്നത്.
ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് ഇത്തവണ ഇലക്ഷൻ വിഭാഗം നടത്തിയത്. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മാധ്യമങ്ങളിലൂടെയും നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഫലമായാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്.
Post Your Comments