ലക്നൗ•ബി.ജെ.പി ഉന്നത നേതൃത്വത്തെ ‘ഗുജറാത്തി ഗുണ്ട’കളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പ്രചാരണ മന്ത്രി’യെന്നും വിശേഷിപ്പിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ലക്നൗവില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ ബി.ജെ.പി വക്താവുമായ ഐ.പി സിംഗ് ട്വീറ്റ് പരമ്പരയിലൂടെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. കൂടാതെ, ഐ.പി സിംഗ് അസംഗഡിലെ സ്ഥാനാര്‍ഥിയായ സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവിന് പിന്തുണ അറിയിക്കുകയും തന്റെ വസതി അഖിലേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസായി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം ഐ.പി സിംഗിനെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബി.ജെ.പി പ്രസ്താവനയില്‍ അറിയിച്ചു.
‘ഞാന്‍ മര്യാദയുള്ള ക്ഷത്രിയ കുടുംബത്തില്‍ നിന്നുള്ളയാളാണ്. രണ്ട് ഗുജറാത്തി ഗുണ്ടകള്‍ ഹിന്ദി ഹൃദയഭൂമി പിടിച്ചെടുത്ത ശേഷം ഹിന്ദി സംസാരിക്കുന്ന ജനങ്ങളെ കഴിഞ്ഞ അഞ്ചുവര്‍ഷമായി വിഡ്ഢികളാക്കുമ്പോള്‍ നാം നിശബ്ദരായിരിക്കുകയാണ്’- ഐ.പി സിംഗ് ട്വീറ്റ് ചെയ്തു.
യു.പിയുടെ സമ്പദ്‌വ്യവസ്ഥ ഗുജറാത്തിനെക്കാള്‍ ആറുമടങ്ങ് വലുതാണെന്നും മറ്റൊരു ട്വീട്ടില്‍ സിംഗ് പറഞ്ഞു.
‘നമ്മള്‍ തെരഞ്ഞെടുത്തത് ‘പ്രധാനമന്ത്രി’യെയോ, ‘പ്രചാരണ മന്ത്രി’യെയോ? രാജ്യത്തെ പ്രധാനമന്ത്രി ടീ ഷർട്ടും, ചായ കപ്പും വിൽക്കുന്നത് ശരിയാണോ?
‘ബി.ജെ.പി തങ്ങളുടെ പ്രത്യയശാസ്ത്രത്തിലൂടെ ജന ഹൃദയങ്ങളിൽ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്, മിസ്ഡ് കോളുകളും ടി-ഷർട്ടുകളും ഉപയോഗിച്ച് പ്രവര്‍ത്തകരെ ‘ഉത്പാദിപ്പിക്കുന്നത്’ അസാധ്യമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.
അസംഗഡ സ്വദേശിയായ ഐ പി സിംഗ് ഞായറാഴ്ച അഖിലേഷ് യാദവിന്റെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്തു. തന്റെ വീട് അഖിലേഷിന്റെ തെരഞ്ഞടുപ്പ് പ്രചാരണ ഓഫീസായി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
Post Your Comments