ബംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ റാലിയോടെ സിപിഐ എം തെരഞ്ഞെടുപ്പുപ്രചാരണം തുടങ്ങി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തൊഴിലാളി നേതാവുമായ വരലക്ഷ്മിയാണ് സ്ഥാനാര്‍ഥി. സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ അണിനിരന്ന റാലി നഗരം ചുവപ്പിച്ചു.
രാജ്യത്തെ വര്‍ഗീയവല്‍ക്കരിച്ച മോഡിഭരണം ജനജീവിതം ദുസ്സഹമാക്കുന്ന കുത്തകപ്രീണന നയങ്ങളാണ് നടപ്പാക്കിയതെന്ന് റാലി ഉദ്ഘാടനംചെയ്ത പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.
സമ്പന്നര്‍ക്കുവേണ്ടിയുള്ള ഭരണമാണ് മോഡിയുടേത്. 2017ല്‍ ഇന്ത്യയില്‍ സൃഷ്ടിച്ച ആസ്തിയുടെ 73 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം മാത്രമായ അതിസമ്പന്നരുടെ കൈയില്‍ കുന്നുകൂടി. ഒറ്റവര്‍ഷം 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാരുകളെ കടത്തിവെട്ടുന്ന അഴിമതികളാണ് മോഡിക്ക് മുഖ്യപങ്കാളിത്തമുള്ള റഫേല്‍ കുംഭകോണത്തില്‍ നടന്നത്. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലെന്നതും യുവാക്കളെ പറ്റിക്കാന്‍ നല്‍കിയ വാഗ്ദാനമായിരുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇപ്പോള്‍. ഇതിന് അവസാനം കുറിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. സുശക്തമായ ഇടതുപക്ഷം കേന്ദ്രത്തിലുണ്ടായാല്‍ മാത്രമേ പാവപ്പെട്ടവര്‍ക്ക് ആശ്വാസകരമാകുന്ന നയങ്ങള്‍ നടപ്പാക്കാന്‍ ഇടപെടാനാകൂ. കേരളത്തിലെ പിണറായി സര്‍ക്കാര്‍ പിഎസ്‌സി വഴി ഒരുലക്ഷം തൊഴില്‍ നല്‍കിയത് റെക്കോഡാണെന്നും എം എ ബേബി പറഞ്ഞു.
Post Your Comments