അബുദാബി: അബുദാബിയില് രണ്ട് ഇന്ത്യന് കമ്പനികള്ക്ക് എണ്ണപര്യവേക്ഷണത്തിന് അനുമതി ലഭിച്ചു. ഇന്ത്യന് ഓയില് കമ്പനിക്കും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിനുമാണ് അബുദാബി തീരത്തെ ഓണ്ഷോര് ബ്ലോക്ക് ഒന്നില് എണ്ണപര്യവേക്ഷണത്തിന് അബുദാബി നാഷണല് ഓയില് കമ്പനി (അഡ്‌നോക്ക്) അനുമതി നല്കിയത്. യു.എ.ഇ.യുടെയും ഇന്ത്യയുടെയും ഊര്ജരംഗത്തെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി സുപ്രീം പെട്രോള് കൗണ്സിലിന്റെ അംഗീകാരപ്രകാരമാണ് ഇന്ത്യന് കമ്പനികള്ക്ക് എണ്ണ ഖനനത്തിന് അനുമതി നല്കിയത്.
ഇന്ത്യന്ഓയില്, ഭാരത് പെട്രോളിയം കൂട്ടുകെട്ടിന് തന്നെയായിരിക്കും പര്യവേക്ഷണ ഘട്ടത്തിന്റെ നൂറുശതമാനം പങ്കാളിത്തവും. പര്യവേക്ഷണത്തിനായുള്ള പങ്കാളിത്ത ഫീസും ബ്ലോക്ക് ഒന്നില്നിന്നുള്ള എണ്ണ, പാചകവാതക മൂല്യനിര്ണയമടക്കമുള്ള പ്രവര്ത്തനങ്ങള്ക്കുമായി 626 ദശലക്ഷം ദിര്ഹ(ഏകദേശം 1174 കോടി രൂപ)ത്തിന്റെ നിക്ഷേപമാണ് കമ്പനികള് നടത്തിയിട്ടുള്ളത്. നാല്പത് ശതമാനത്തിന്റെ അവകാശം ഇന്ത്യന് കമ്പനികള്ക്കും 60 ശതമാനത്തിന്റെ അവകാശം അഡ്നോക്കിനുമായിരിക്കും. 35 വര്ഷത്തേക്ക് ഇതിനായുള്ള ഉടമ്പടിയില് അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒ.യും സ്റ്റേറ്റ് മന്ത്രിയുമായ സുല്ത്താന് അല് ജാബറും ഭാരത് പെട്രോളിയം കോര്പ്പറേഷന് ചെയര്മാനും എം.ഡി.യുമായ ദുരൈസ്വാമി രാജ്കുമാര്, ഇന്ത്യന് ഓയില് കോര്പ്പറേഷന് ചെയര്മാന് സഞ്ജീവ് സിങ് എന്നിവരും ഒപ്പുവെച്ചു.
Post Your Comments