മുംബൈ•ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ മഹാരാഷ്ട്രയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി കാവി പാളയത്തില്‍. കോണ്‍ഗ്രസ് നേതാവായ രഞ്ജിത്ത് സിംഗ് നായിക് നിംബാല്‍ക്കര്‍ ആണ് തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് സത്തര ജില്ലാ പ്രസിഡന്റ് ആയിരുന്ന നായിക് നിംബാല്‍ക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാടീല് എന്നിവര്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
നായിക് നിംബാല്‍ക്കര്‍ മേധ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടെ ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്‍.സി.പിയുടെ സഞ്ജയ് ഷിന്‍ഡേയാണ് ഇവിടെ എതിരാളി.
അടുത്തിടെ, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായിരുന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകന് ഡോ. സുജയ് വിഖേ പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും സിറ്റിംഗ് എന്‍.സി.പി എം.പിയുമായ മധ വിജയ് സിന്‍ഹ മോഹിതെ പട്ടീലിന്റെ മകന് രഞ്ജിത്ത് സിങ്ങും ബി.ജെ.പി പാളയതിലെത്തിയിരുന്നു.
മഹാരാഷ്ട്ര എന്‍.സി.പി വൈസ് പ്രസിഡന്റ് ഭാരതി പവാറും കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ഛെദ്ദയും കാവി പാളയത്തിലെത്തിയത് അടുത്തിടെയാണ്.
Post Your Comments