KeralaLatest News

കറുപ്പിനോട് കാട്ടിയ അസഹിഷ്ണുത ഒരു രോഗമാണ്; എം എം മണിയെ പരിഹസിച്ച പീതാംബരക്കുറുപ്പിന് മറുപടിയുമായി എ.എ റഹിം

കൊച്ചി: മന്ത്രി എംഎം മണിക്കെതിരെ പ്രളയത്തിന് കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്ന വിവാദ പ്രസ്താവന നടത്തിയ പീതാംബരക്കുറുപ്പിന് മറുപടിയുമായി ഡിവൈഎഫ്‌ഐ സ്റ്റേറ്റ് സെക്രട്ടറി എ.എ റഹിം. അതിന് മറുപടിയായി ‘ഇത് ഒരു രോഗമാണ് ശ്രീ പീതാംബരക്കുറുപ്പ്, കറുപ്പിനോട് കാട്ടിയ അസഹിഷ്ണുത ഒരു തുടര്‍ച്ചയാണ്’- എ.എ റഹിം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ചില രോഗങ്ങൾ അങ്ങനെയാണ്…

മുതിർന്ന കോൺഗ്രസ്സ് നേതാവ്
ശ്രീ പീതാംബരക്കുറുപ്പ്, കറുപ്പിനോട് കാട്ടിയ അസഹിഷ്ണുത ഒരു തുടർച്ചയാണ്.
ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രിയായതിനോട് ബിജെപി നേതാക്കളും ബിജെപി പത്രവും കാട്ടിയ അസഹിഷ്ണുതയുടെ തുടർച്ച…
യദു കൃഷ്ണൻ പൂജ ചെയ്യാൻ ചെന്നപ്പോൾ കലാപം ഉണ്ടാക്കിയവരുടെ അതേ ശബ്ദം.
ചാന്നാർ കലാപത്തെ സിലബസ്സിനു പുറത്താക്കിയ മോദിസർക്കാരിന്റെ അസഹിഷ്ണുത…

ഇത് ഒരു രോഗമാണ്.
ശ്രീനാരായണ ഗുരുവും അയ്യൻകാളിയും അയ്യാവൈകുണ്ഠ സ്വാമികളുമെല്ലാം കലാപമുയർത്തിയത് അന്ന് സമൂഹത്തെ ഗ്രസിച്ചിരുന്ന ഈ വൃത്തികെട്ട രോഗത്തിനെതിരെയായിരുന്നു. കാലം ഒരുപാട് കടന്നു പോയി. നവോത്ഥാന പ്രഭയിൽ നാം മുന്നേറി. പക്ഷേ… വേരറ്റു പോകാത്ത ചില മാറാ രോഗങ്ങളെപ്പോലെ ഇന്നും ചിലർ ആ അസുഖവും പേറി നടക്കുന്നു.

ബിജെപിയും അവരുടെ പത്രവും മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചപ്പോൾ ഒരക്ഷരം കോൺഗ്രസ്സ് പ്രതിരോധിച്ചില്ല. തെറ്റെന്നു പറയാൻ നാവുയർത്തിയില്ല. ഇപ്പോഴിതാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും മുതിർന്ന നേതാവു തന്നെ കറുപ്പിനോടുള്ള അലർജി പരസ്യമാക്കിയിരിക്കുന്നു . ശ്രീ കുറുപ്പിന്റെ അധിക്ഷേപ പ്രസംഗം വിവാദമായി മണിക്കൂറുകൾ കഴിഞ്ഞിട്ടും കോൺഗ്രസ്സ് നേതാക്കൾ ഒരക്ഷരം മിണ്ടിയിട്ടില്ല.

മണ്ണിന്റെ ഗന്ധമുള്ളവർ, ഇരുണ്ട നിറമുള്ളവർ,മനുഷ്യർ തന്നെയാണ്. മനുഷ്യനെ ജാതിയും നിറവും തിരിച്ചു മാത്രം കാണുന്ന മഹാവ്യാധിയ്ക്കെതിരായ പ്രതിരോധമാണ് വർത്തമാനകാലം ആവശ്യപ്പെടുന്നത്. അരികുവൽക്കരിക്കപ്പെട്ടവരെ അരങ്ങിലേക്ക് കൈപിടിച്ച് നടത്തണം.
അത് കണ്ടു നെറ്റിചുളിക്കുന്നവർ
ചരിത്രത്തിലെന്ന പോലെ ഇനിയും കാലത്തിന്റെ ദയാരഹിതമായ വിചാരണയ്ക്ക് വിധേയമാക്കപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button