ലക്നൗ•പ്രശസ്ത മുതിര്‍ന്ന നടി ജയപ്രദ തിങ്കളാഴ്ച ബി.ജെ.പി അംഗത്വം സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് നടിയുടെ ബി.ജെ.പി പ്രവേശനം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍ നിന്നും ഇവര്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ എതിരാളിയായാകും ജയപ്രദ മത്സരിക്കുക.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഡോ. നേപാള്‍ സിംഗാണ് രാംപൂര്‍ സീറ്റില്‍ നിന്നും വിജയിച്ചത്.
1957 ല്‍ രൂപീകൃതമായ ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ ഒന്നാണ് രാംപൂര്‍.
നേരത്തെ ജയപ്രദ സമാജ് വാദി പാര്‍ട്ടിയിലായിരിക്കെ രണ്ടുതവണ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. ഇത്തവണ നേപാല്‍ സിങിന് പകരം സിനിമാതാരവും മുന്‍ എം.പി.യുമായ ജയപ്രദയെ മത്സരത്തിനിറക്കി മണ്ഡലം നിലനിര്‍ത്താമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.
തെലുങ്കുദേശം പാര്‍ട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭാംഗമായി. തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും വഹിച്ചു. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.
Post Your Comments