ഐ.എം ദാസ്
‘ എന്റെ ഇസ്ലാംമതപരിവര്‍ത്തനവും വിവാഹവും സംബന്ധിച്ച് വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. വീട്ടുകാരുമായി കണ്ടുമുട്ടുന്ന നിമിഷത്തെ ഞാന്‍ ഏറ്റവും ഭയപ്പെട്ടു. അമ്മയുടെ മുഖത്തേക്കുള്ള ഒറ്റനോട്ടം മരിക്കാന്‍ എന്നില്‍ തീവ്രാഭിലാഷമുണ്ടാക്കുമെന്നുറപ്പ’ .
പ്രായപൂര്‍ത്തിയാകാത്ത ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്ബന്നധിച്ച് നിക്കാഹ് നടത്തുന്നത് പാകിസ്ഥാനില്‍ പതിവാണ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വ രാജും പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയും നടത്തിയ ട്വിറ്റര്‍ പോരിന് പിന്നാലെ സംഭവത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികള്‍ സുരക്ഷ തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തു. ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ട് ടാഗ് ചെയ്ത് സുഷമ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോടെ വിശദീകരണം ചോദിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ രാജ്യത്തെ ആഭ്യന്തരകാര്യമാണ് ഇതെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ തിരിച്ചടിച്ചത്. അതേസമയം ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി നിക്കാഹ് നടത്തുന്നത് പാകിസ്ഥാനില്‍ സാധാരണമാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുമ്പ് പാകിസ്ഥാനിലെ പ്രധാന പത്രമായ ഡോണ്‍ മുമ്പ് പ്രസിദ്ധീകരിച്ച ഒരു അനുഭവക്കുറിപ്പ് വീണ്ടും വായിക്കുക.
‘പേടിയോടെയാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് ചുറ്റുമുള്ളവരുടെ മുഖങ്ങളിലും ഭീതിയായിരുന്നു നിഴലിച്ചിരുന്നത്. എനിക്കുറപ്പുണ്ട്, പാക്കിസ്ഥാനിലെ കാന്ധ്കോട്ട് പോലൊരു പ്രദേശത്ത് ഒരു പെണ്കുഞ്ഞായി ഞാന്‍ പിറന്ന് വീഴുമ്പോള്‍ എന്റെ മാതാപിതാക്കളുടെ മുഖത്തും അതേ ഭീതി പത്യക്ഷപ്പെട്ടിരിക്കുമെന്ന്..
ഇവരെയൊക്കെ പേടിപ്പിക്കുന്ന എന്താണ് എന്നിലുള്ളതെന്ന് പലപ്പോഴും ഞാന്‍ അതിശയിച്ചിട്ടുണ്ട്. അതറിയുന്നതിന് മുമ്പ് എന്നെ സ്കൂളില്‍ ചേര്‍ത്തു. സ്കൂള്‍ അന്തരീക്ഷം ആശ്വാസകരമായിരുന്നു. എന്നിരുന്നാലും ചിലപ്പോഴൊക്കെ ഞാന്‍ പുറത്ത് നിന്നുള്ള ഒരാളാണോ എന്നെനിക്ക് തോന്നാറുണ്ടായിരുന്നു.
ഭൂരിപക്ഷത്തോടൊപ്പം പലപ്പോഴും കൂടാനാകാത്ത അവസ്ഥ. ചില പരാമര്‍ശങ്ങളും വിവേചനപൂര്‍വ്വമായ ചില സംഭവങ്ങളും ഞാന്‍ അവരില്‍ ഒരാളല്ലെന്ന തോന്നല്‍ എന്നില്‍ നിറച്ചു. ഇപ്പോഴും വ്യക്തതയോടെ ഓര്‍മ്മിക്കാന്‍ കഴിയുന്നു, ആരും എനിക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നില്ല, ഞാന്‍ ചായ കുടിച്ച കാപ്പില്‍ നിന്ന് ഒരു സിപ്പ് പോലും എടുക്കാന്‍ അവര്‍ വിസമ്മതിച്ചു.
സ്കൂളില്‍ നിന്ന് വരുന്ന എന്നോട് അമ്മ ആകാംക്ഷയോടെ വിശേഷങ്ങള്‍ തിരക്കുമായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. എന്റെ അമ്മയെപ്പോലെ ഒരുപാട് അമ്മമാര്‍ ഭയപ്പെടുന്നത് യാഥാര്‍ത്ഥ്യമായി. മാര്‍ക്കറ്റില്‍ പോയ എന്നെ ഏറെ സുപരിചിതനായ ഒരാള്‍ കടത്തിക്കൊണ്ടുപോയി. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ക്ഷേത്രങ്ങളുടെ സംരക്ഷണ ചുമതലയുള്ള വ്യക്തിയായിരുന്നു അയാള്‍. പരിചയത്തിന്റെ പേരില്‍ അധികം പ്രതിഷേധിക്കാതെ ഞാന്‍ അയാള്‍ക്കൊപ്പം കാറിലിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിക്കുന്നതിന് പകരം എനിക്ക് പരിചയമില്ലാത്ത വഴികളിലൂടെ കാര്‍ സഞ്ചരിച്ചു. ഉറക്കെ കരഞ്ഞ് പ്രതിഷേധിക്കാന്‍ തുടങ്ങിയ എന്നെ അയാള്‍ ഭീഷണിപ്പെടുത്തി നിശബ്ദയാക്കി.
ഒടുവില്‍ ഒറ്റപ്പെട്ട ഒരു വീടിന്റെ മുന്നില്‍ വണ്ടി നിന്നു. ശൂന്യമായ ആ വീടിന്റെ വെറും തറയില്‍ ഞാന്‍ കുത്തിയിരുന്നു. എന്താണ് എനിക്ക് സംഭവിക്കാന്‍ പോകുന്നതെന്ന് മനസിലായില്ലെങ്കിലും പത്രങ്ങളില്‍ വായിച്ച ചില റിപ്പോര്‍ട്ടുകള്‍ എനിക്ക് ഓര്‍മ്മ വന്നു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മുസ്ലീംമ തത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നെന്നായിരുന്നു അത്. അപ്പോള്‍ ആ നിമിഷം അമ്മയുടെ ഭീതി, അച്ഛന്റെ മുന്നറിയിപ്പ്, അനുഭവിച്ച ഒറ്റപ്പെടല്‍, സുഹൃത്സംഘത്തില്‍ ഒരാളാകാനുള്ള എന്റെ തീവ്രാഭിലാഷം..എല്ലാം മനസ്സില്‍ മാറിമറിഞ്ഞെത്തി.
എന്റെ പേടി ഊട്ടിയുറപ്പിക്കുന്നത് പോലെ മതത്തെക്കുറിച്ച് പഠിപ്പിക്കാന്‍ തൊപ്പി ധരിച്ച ഒരാള്‍ എനിക്ക് മുമ്പിലെത്തി. മണിക്കൂറുകളോളം അയാള്‍ പ്രഭാഷണം നടത്തിയെങ്കിലും എനിക്കത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ പോയതിന് ശേഷവും അനശ്വരസന്തോഷത്തിനായുള്ള ചിന്തകളൊന്നും മനസ്സില്‍ ഉണര്‍ന്നില്ല, പകരം, ഞാന്‍ ആലോചിക്കാന്‍ തുടങ്ങി, എന്ത് കൊണ്ട് എന്റെ മാതാപിതാക്കള്‍ മേറ്റ്വിടേക്കെങ്കിലും മാറി താമസിക്കാന്‍ ശ്രമിച്ചില്ല, മറ്റൊരു മേഖലയിലേക്ക് മാറുന്നതിന് പകരം അവര്‍ ഭയന്ന, അനിവാര്യമായ ആ ദുരന്തം സംഭവിക്കുന്നത് വരെ എന്തിനാണവര്‍ കാത്തിരുന്നത്.
ഓരോ ദിവസവും മതപ്രഭാഷണം തുടര്‍ന്നു, അത് കൊണ്ടു ഫലമില്ലെന്ന് തോന്നിയപ്പോള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഭീഷണിയും അനുനയവുമായി അവിശ്വാസികളെ വിശ്വാസികളാക്കാനുള്ള ശ്രമങ്ങള്‍ എന്നില്‍ അത്ഭുതമുണര്‍ത്തി. നാമെല്ലാവരും ഒരേ ദൈവത്തിനെ തന്നെയല്ലേ പ്രാര്‍ത്ഥിക്കുന്നത്. എന്നിട്ടും ഹിന്ദുവായതിന്റെ പേരില്‍ എന്തിനാണ് ഞാന്‍ ശിക്ഷിക്കപ്പെടുന്നത്.
എന്തായാലും നിരന്തരമായ അനുനയശ്രമങ്ങളുടെ ഫലമായി ഒടുവില്‍ ഞാന്‍ കീഴടങ്ങി. തുടര്‍ന്ന് നടന്ന ചെറിയ ആഘോഷച്ചടങ്ങില്‍ മുസ്ലീംമതം സ്വീകരിക്കാന്‍ നിര്‍ബന്ധിതയായി. പിന്നീട് ഒരു മുസ്ലീമിനെ വിവാഹം കഴിച്ചു. എല്ലാ പാപങ്ങളില്‍ നിന്നും വിശ്വാസവഞ്ചനയില്‍ നിന്നും എന്നെ രക്ഷിച്ച അദ്ദേഹമെപ്പോഴും മിശിഹയെ ഓര്‍മ്മപ്പെടുത്തി. സന്തുഷ്ടകരമായ ഒരു ദാമ്പത്യജീവിതം ആശംസിക്കുന്നതിന് പകരം വിവാഹം കഴിഞ്ഞ ഉടന്‍തന്നെ എന്നെ കോടതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ മുസ്ലീംമതസ്ഥനായ മജിസ്ട്രേറ്റ് എന്റെ മതപരിവര്‍ത്തനവും വിവാഹവും നിയമാനുസൃതമാക്കി.
എന്റെ ഇസ്ലാംമതപരിവര്‍ത്തനവും വിവാഹവും സംബന്ധിച്ച് വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. വീട്ടുകാരുമായി കണ്ടുമുട്ടുന്ന നിമിഷത്തെ ഞാന്‍ ഏറ്റവും ഭയപ്പെട്ടു. അവരുടെ മുഖത്തെ തീവ്രവേദന കാണാന്‍ ഒരിക്കലും ഞാന്‍ ആഗ്രഹിച്ചില്ല. അമ്മയുടെ മുഖത്തേക്കുള്ള ഒറ്റനോട്ടം മരിക്കാന്‍ എന്നില്‍ തീവ്രാഭിലാഷമുണ്ടാക്കുമെന്നുറപ്പ്. എങ്കിലും എനിക്കവരോട് പറയണമായിരുന്നു, ഞാനവരെ സ്നേഹിക്കുന്നു എന്ന്. മതപരിവര്‍ത്തനം നടത്തുമ്പോഴും അവരുടെ സുരക്ഷയായിരുന്നു മനസ്സിലെന്ന്. എന്റെ സഹോദരിമാരെ സുരക്ഷിതരായി സൂക്ഷിക്കണമെന്ന് എനിക്ക് അച്ഛനോട് പറയണം. രാജ്യമുപേക്ഷിച്ച് പോകണമെന്ന് സഹോരന്മാരോട് പറയണം. അതിനൊക്കെ അപ്പുറമെന്തൊക്കെയോ എനിക്കവരോട് പറയണം. എന്നാല്‍ അവരുടെ നിശബ്ദസഹനവും വേദനയും എന്നെ ചിന്താഭരിതയാക്കി.
ഞാനൊരു പെണ്‍കുട്ടിയായി ജനിക്കാതിരുന്നെങ്കില്, എന്റെ ജനനം പാക്കിസ്ഥാനിലാകാതിരുന്നെങ്കില്, എന്റേതായ അവകാശങ്ങള്‍ എനിക്കുണ്ടായിരുന്നെങ്കില്‍, എല്ലാവര്ക്കും ഒരൊറ്റ ദൈവമാണുള്ളതെന്ന് എല്ലാവരേയും മബോധിപ്പിക്കാന് എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍….
ഒരിക്കല്‍ പരിചിതമായിരുന്ന മുഖങ്ങള്‍ കാണുമ്പോള്‍ ഞാന്‍ അമ്പരിക്കുന്നു- ആരാണ് ഞാന്‍?
ഒരുപാട് പേരുടെ വേദന പങ്ക് വയ്ക്കുന്ന ഒരാളാണ് ഞാന്‍. രചന കുമാരി, റിങ്കില്‍ കുമാരി, മനീഷ കുമാരി…. അങ്ങനെ നിര്‍ബന്ധിക്കപ്പെട്ട് മതപരിവര്‍ത്തനത്തിന് വിധേയയായ ഏത് പെണ്കുട്ടിയുമാകാം ഞാന്‍. അവരുടെ കുടുംബങ്ങളുടെ ഭീതിയും വേദനയുമാണ് ഞാന്‍. തങ്ങളോട് കാട്ടുന്ന അധാര്‍മ്മികതയുടെ പേരില്‍ മരിക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ ദുരന്തമാണ് ഞാന്‍. അസഹിഷ്ണത നിറഞ്ഞ ഒരു സമൂഹത്തില്‍ കഴിയേണ്ടി വരുന്ന ന്യൂനപക്ഷവുമാണ് ഞാന്‍’.
കടപ്പാട് -ഡോണ്‍.കോം
Post Your Comments