കണ്ണൂർ: ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ധാരാളം ശുദ്ധജലം കുടിക്കണമെന്നും ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2 മുതല്‍ 4 ഗ്ലാസ്സ് വരെ വെള്ളം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ ഉപ്പിട്ട നാരങ്ങാ വെള്ളമോ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളു. വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയുള്ള സമയം വിശ്രമിക്കുക.
കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. ചുടു കൂടുതല്‍ ഉള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുള്ളവരുടെയും (65 വയസ്സിന് മുകളില്‍) കുഞ്ഞുങ്ങളുടെയും (4 വയസ്സിന് താഴെയുള്ളവര്‍) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് (പ്രത്യേകിച്ച് ടിന്‍/ആസ്ബസ്റ്റോസ് മേല്‍ക്കുരയാണെങ്കില്‍) പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, വേഗതയിലുള്ള നാഡീമിടിപ്പ്, ശക്തിയായ തല വേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടേണ്ടതാണ്. സൂര്യാഘാതം അനുഭവപ്പെട്ടവരെ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്.
Post Your Comments