കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കുടുംബവും എങ്ങിനെയാണ് ഇത്രയേറെ വരുമാനമുണ്ടാക്കിയത് എന്ന് ബിജെപി. ആ കുടുംബത്തിൽ ഒരാളും വേറെ എന്തെങ്കിലും ജോലി ചെയ്യുന്നതായി കേട്ടിട്ടില്ല. ആകെയുള്ള വരുമാനം എംപി എന്ന നിലക്കുള്ളതാണ്. എന്നിരിക്കെ എങ്ങിനെയാണ് ഇത്രയേറെ കൊടികളുടെ സ്വത്ത് അവർ കൈവശമാക്കിയത് ……. ബിജെപി ഉന്നയിച്ച ചോദ്യമിതാണ്. അഴിമതിയിലൂടെയാണ് പണമുണ്ടാക്കിയത് എന്നും അവർ ആക്ഷേപിക്കുന്നു. താൻ വെറും അഴിമതിക്കാരനാണ് എന്ന് മുഖത്തു നോക്കി പറയുകയാണ് ബിജെപി നേതാക്കൾ. തീർച്ചയായും ഇത് സംബന്ധിച്ച് ഒരു വ്യക്തമായ നിലപാട് കോൺഗ്രസിന് എടുത്തേ മതിയാവൂ. കാരണം ഇനിയുള്ള നാളുകളിൽ ഈ സ്വത്തും തട്ടിപ്പും കൂടുതൽ ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. പരാജയം ഭയന്ന് അമേത്തി വിട്ട് മറ്റൊരു സുരക്ഷിത മണ്ഡലം നോക്കുന്ന രാഹുൽ പുതിയൊരു പ്രതിസന്ധിയിലേക്ക് എത്തിപ്പെടുകയാണ്.
രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരത്ത് സമർപ്പിച്ച സ്വത്ത് സംബന്ധിച്ച കണക്കുകൾ ആണ് ബിജെപി ഉയർത്തിക്കാണിക്കുന്നത്. അത് നിഷേധിക്കാൻ കോൺഗ്രസിനോ അദ്ദേഹത്തിനോ കഴിയില്ലല്ലോ. 2004-ൽ 55,38,123 രൂപയാണ് വരുമാനമായി കാണിച്ചത്; 2009- ൽ അത് രണ്ട് കോടിയായും 2014- ൽ ഒൻപത് കോടിയായും അത് വർധിച്ചു. അതായത് പത്ത് വർഷത്തിനകം രാഹുലിന്റെ സ്വത്ത് ഏതാണ്ട് എട്ടര കോടി കണ്ട് കൂടി. എത്രയിരട്ടിയാണിത് എന്നതും ശ്രദ്ധിക്കുക. പാർലമെന്റ് അംഗം എന്ന വരുമാനമല്ലാതെ വേറെ എന്താണ് രാഹുലിനുള്ളത് എന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസിനെ ഭരണകക്ഷി പ്രതിക്കൂട്ടിലാക്കുന്നത്. മാത്രമല്ല, ഇത്തവണ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ പല കണക്കുകളും കാണിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അവർ നൽകുന്നു….. ആദായ നികുതി അധികൃതർ കണ്ടെത്തിയ തട്ടിപ്പുകൾ, സ്വന്തം ഫാം ഹൌസ് വാടകക്ക് നൽകിയെന്ന് കാണിച്ചു കള്ളത്തരം കാണിച്ചത്, വാടകക്ക് എടുത്ത സ്ഥാപനത്തിന്റെ തട്ടിപ്പുകളുടെ കഥകൾ, അതുമായി രാഹുലിനുള്ള ബന്ധം എന്നിവയൊക്കെ ചർച്ചാവിഷയമാവുന്നുണ്ട്.
നാല് വിധത്തിലാണ് രാഹുൽ തന്റെ സ്വത്ത് വർധിപ്പിച്ചത് എന്നാണ് ബിജെപി വക്താവ് ഡോ സമ്പിത് പാത്ര പറയുന്നത്. എച്ച് എൽ പാഹ്വാ മുഖേനയാണ് ഒന്ന്; രണ്ട് , ഫാം ഹൌസ് വഴി, മൂന്ന്, 2 ജി തട്ടിപ്പ് കേസിലെ പ്രതി യൂണിടെക്ക് മുഖാന്ദിരം, പിന്നെ ലണ്ടൻ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തെ മുൻനിർത്തി. വിവിധ തട്ടിപ്പുകളിൽ പെട്ടവരുമായുള്ള രാഹുലിന്റെ ബന്ധവും ആസ്തി വർദ്ധനവിന് വഴിവെച്ചിട്ടുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ 155 കോടിയുടെ വരുമാനം രാഹുൽ മറച്ചുവെച്ചത് ആദായ നികുതി അധികൃതർ കണ്ടെത്തിയതാണ്; അതിന് അദ്ദേഹത്തിനും അമ്മയ്ക്കും 100 കോടി പിഴ ചുമത്തുകയും ചെയ്തു. മറ്റൊന്ന്, എൻഎസ്ഇഎൽ തട്ടിപ്പുമായി ബന്ധപ്പെട്ട സ്ഥാപനമായ ഫിനാൻഷ്യൽ ടെക്നോളോജിസ് ഇന്ത്യ ലിമിറ്റഡ് ( എഫ്റ്റിഐഎൽ ) പ്രിയങ്കക്കും രാഹുലിനും പലിശയില്ലാതെ 40. 20 ലക്ഷം രൂപ നൽകിയതാണ്; അതും രണ്ട് ചെക്കുകളിലൂടെ. എന്തിനാണിത്?, മറുപടിയില്ല. വേറൊന്ന് ‘യൂണിടെക്ക് ഇന്ത്യ’യിൽ നിന്ന് ഏതാണ്ട് ഏഴ് കോടി വിലമതിക്കുന്ന വസ്തു രാഹുൽ വാങ്ങുന്നു; പക്ഷെ നല്കിയത് നാല് കോടി അഡ്വാൻസ് മാത്രം; ആ നാലു കോടിയുടെ അഡ്വാൻസിനും അദ്ദേഹം പലിശ വാങ്ങുന്നു എന്നതാണ് കണക്ക്. 2 ജി തട്ടിപ്പിൽ പെട്ട കമ്പനിയാണിത് എന്നതോർക്കുക. 2004 ൽ ബാക്ക്ഡ്രോപ് എന്ന ഒരു കമ്പനി ഉള്ളതായും അതിൽ 83 % ഓഹരി രാഹുലിന്റെ പക്കലുണ്ടെന്നും പറഞ്ഞിരുന്നു. പ്രിയങ്ക അതിൽ ഡയറക്ടർ ആയിരുന്നു. 2009 ലെ കണക്കിൽ അതുണ്ടായിരുന്നില്ല. ആ കമ്പനിക്ക് എന്ത് സംഭവിച്ചു; അതിലെ 83 % നിക്ഷേപം എന്താണ് ചെയ്തത്; അതിന്റെ കണക്ക് എവിടെയാണ്……. ബിജെപി ചോദിക്കുന്നു.
റോബർട്ട് വാദ്ര നടത്തിയ പല തട്ടിപ്പുകളുമായും, ഇടപാടുകളുമായും, രാഹുലിനും കുടുംബത്തിനുമുള്ള ബന്ധം വേറൊന്ന്. അതിൽ പലയിടത്തും രാഹുലിന്റെ പേരും മറ്റും ഉയർന്നുവന്നതായി രേഖകളുണ്ട്. ഇതൊക്കെ തിരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ കാണിക്കാൻ രാഹുൽ തയ്യാറാവുമോ?. അതായത് 2014- ലെ ഒൻപത് കോടിയിൽ നിന്ന് ഇപ്പോൾ എത്ര കോടിയിലേക്ക് അതെത്തി?. ഇത് ബിജെപി ശ്രദ്ധിക്കുമെന്നും എവിടെ പത്രിക നൽകിയാലും അതിലേക്ക് പാർട്ടി നേതാക്കൾ വിശദമായി ഇറങ്ങിച്ചെല്ലുമെന്നും പാർട്ടി വക്താവ് വ്യക്തമാക്കി. അതായത് ഈ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രാഹുലിന് ഒരു തലവേദന തന്നെയാവും. അത് കുറെയേറെ പുതിയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യും.
Post Your Comments