ന്യൂഡല്‍ഹി: വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ ഒമ്പതാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ചുറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ ഒമ്പതാം പട്ടിക പുറത്തിറങ്ങുന്നത്. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവും ബി കെ ഹരിപ്രസാദ് ബംഗളുരു സൗത്തിലും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും.
പ്രതിപക്ഷ കക്ഷികളുടെ ഐക്യനിരയെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടുക എന്നതാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നയം. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെ മത്സരിക്കാനായി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും തെക്കേയിന്ത്യയില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് വയനാട് എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. കേരളത്തിലെ നേതാക്കളെല്ലാം ഒറ്റക്കെട്ടായി തന്നെ രാഹുലിനെ സ്വാഗതം ചെയ്യുന്നുമുണ്ട്. രാഹുല്‍ മത്സരിക്കുമെന്ന വാര്‍ത്ത കേരളത്തിലുണ്ടാക്കിയ ആവേശവും ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
Post Your Comments