പട്‌ന•ബീഹാറില്‍ ബി.ജെ.പി., മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു, രാം വിലാസ് പാസ്വാന്റെ എല്‍പിജെ എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യം 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 40 ലോക്‌സഭാ സീറ്റുകളാണ് ബീഹാറിലുള്ളത്.
ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയും ബിജെപിയുടെ ചുമതലയുള്ള ഭുപേന്ദ്ര യാദവാണ് സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ടത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പാറ്റ്‌ന സാഹിബ് സീറ്റില്‍ നിന്ന് മത്സരിക്കും. അതേസമയം മുതിര്‍ന്ന നേതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. സിന്‍ഹയ്ക്ക് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നതാണ് ബിജെപിയുടെ പട്ടിക. എന്നാല്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രവിശങ്കര്‍ പ്രസാദിന്റെ എതിരാളിയാകുമെന്നുമാണ് സൂചന.
പാര്‍ട്ടി നിലപാടുകളെ പൊതുവേദികളില്‍ പോലും എതിര്‍ക്കുന്ന സ്വഭാവമാണ് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്. അടുത്തിടെ പ്രതിപക്ഷ റാലികളില്‍ പ്രത്യക്ഷപ്പെട്ട സിന്‍ഹ പ്രധാനമന്ത്രിയേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. മോദി ചായവില്‍പ്പനക്കാരനായിരുന്നു എന്നത് വെറും പ്രചാരണ തന്ത്രം മാത്രിമായിരുന്നെന്ന സിന്‍ഹയുടെ പ്രസ്താവന ബിജെപിയില്‍ നിന്ന് ഏറെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. 2014ല്‍ പാറ്റ്‌ന സാഹിബില്‍ നിന്നും വിജയിച്ച് മോദി കാബിനറ്റില്‍ അംഗമായിരുന്ന അദ്ദേഹം നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പുറത്ത് പോയിരുന്നു.
Post Your Comments