ന്യൂഡല്‍ഹി: ബിജെപിയെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസിന്റെ പുതിയ ആയുധം. കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തുന്ന ഡയറി പുറത്ത്.
കാരവന്‍ ന്യൂസ് മാഗസിന്‍ ആണ് ഇതിനെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടും ഡയറിക്കുറിപ്പുകളും പുറത്തുവിട്ടത്.
സംഭവം വിവാദമായതോടെ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രഥമ ലോക്പാല്‍ സംഭവം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മുതല്‍ താഴെയുള്ള നേതാക്കള്‍ക്കെതിരെ വരെ അന്വേഷണം നടത്തേണ്ട സാഹചര്യമാണ് ഇതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
2008-09ല്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായാണ് വെളിപ്പെടുത്തല്‍. കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും, ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറി കുറിപ്പുകള്‍ വ്യക്തമാക്കുന്നു. അതേസമയം പണം നല്‍കിയത് മുഖ്യമന്ത്രി പദം കിട്ടാനെന്ന് കോണ്‍ഗ്രസ് ആരോപണം.
ഡയറിക്കുറിപ്പുകളില്‍ യെദ്യൂരപ്പയുടെ കൈയൊപ്പ് വ്യക്തമാണ്. വിഷയത്തില്‍ സ്വതന്ത്ര്യമായ അന്വേഷണം വേണം. ലോക്പാല്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നിലവിലുള്ള രാജ്യമാണിത്. ലോക്പാലിലെ ആദ്യ കേസായി ഇത് പരിഗണിക്കണം. ‘കാവല്‍ക്കാരന്‍’ ഇതിന് മറുപടി പറയണമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.
Post Your Comments