Latest NewsInternational

ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണം; കൊല്ലപ്പെട്ടവര്‍ക്ക് പിന്തുണയുമായി ശിരോവസ്ത്രം ധരിച്ച് ന്യൂസീലന്‍ഡിലെ വനിതകള്‍

ക്രൈസ്റ്റ്ചര്‍ച്ച്: ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പിന്തുണയേകാന്‍ ശിരോവസ്ത്രം ധരിച്ച് ന്യൂസീലന്‍ഡിലെ വനിതകള്‍. ഭീകരാക്രമണത്തില്‍ 50 പേര്‍ മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ വിഭാഗത്തോടുളള പിന്തുണ അറിയിക്കാനാണ് രാജ്യത്തെ സ്ത്രീകള്‍ ഒന്നാകെ ശിരോവസ്ത്രം ധരിച്ച് ഇന്ന് തെരുവിലിറങ്ങിയത്.

ഈ ആശയം മുന്നോട്ട് വച്ചത് ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡില്‍ നിന്നുളള ഡോക്ടര്‍ തയ അഷ്മാനാണ് . രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷം ശിരോവസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ ഭയന്ന ഒരു സ്ത്രീയുടെ സമീപനത്തില്‍ നിന്നാണ് ഇത്തരമൊരു ആശയത്തിന് രൂപം നല്‍കാന്‍ ഡോക്ടറുടെ നേതൃത്വത്തിലുളള സ്ത്രീകള്‍ തീരുമാനിച്ചത്. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്, ഇത് നിങ്ങളുടെ സ്ഥലമാണ്, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു,പിന്തുണയ്ക്കുന്നു…ഡോക്ടര്‍ പറഞ്ഞു.

നിരവധി ആളുകളാണ് ആക്രമണത്തില്‍ കൂടുതല്‍ പേര്‍ മരിച്ച അല്‍ നൂര്‍ മുസ്ലീം പളളിക്ക് സമീപമുളള പാര്‍ക്കില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേര്‍ന്നത്. ഓക്ലന്‍ഡ്, വെല്ലിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുമുളള സ്ത്രീകള്‍ ശിരോവസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുകളും കൈയ്യിലേന്തിയാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. ആക്രമിക്കാനെത്തുന്നവരുടെ മുന്‍പില്‍ സധൈര്യം നിന്ന് കൊണ്ട് പറയണം ഞങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളില്ലെന്ന്. അതിനാണ് ശിരോവസ്ത്രം ധരിച്ചെത്തിയത് പ്രാര്‍ഥനയ്‌ക്കെത്തിയ സ്ത്രീകളിലൊരാള്‍ പറഞ്ഞു.

ശിരോവസ്ത്രമണിഞ്ഞ് നിരത്തുകളിലൂടെ നടക്കുമ്പോള്‍ ആദ്യമായി അംഗീകാരവും അഭിമാനവും ലഭിക്കുന്നതായി ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീകളിലൊരാള്‍ വ്യക്തമാക്കി. വനിതകളുടെ പുതിയ തീരുമാനത്തെ പിന്തുണച്ച് ന്യൂസീലന്‍ഡിലെ ഇസ്ലാമിക് കൗണ്‍സിലും രംഗത്തെത്തി. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മുസ്ലീം സമൂഹത്തെ സന്ദര്‍ശിക്കുമ്പോള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥയെ സംസ്‌കരിച്ചത് ശിരോവസ്ത്രവും തോക്കും ഉള്‍പ്പെടെ ആയിരുന്നു. നേരത്തെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ എത്തിയതും ശിരോവസ്ത്രം ധരിച്ചായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button