KeralaLatest News

ചെറുപ്പുളശ്ശേരി പീഡനം: ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ സിപിഎം ഓഫീസില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വി ടി ബല്‍റാം എം എല്‍ എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വി ടി ബല്‍റാം എം എല്‍ എ പിന്‍വലിച്ചു. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ബല്‍റാം ഇക്കാര്യം അറിയിച്ചത്.

‘സിപിഎമ്മിന്റെ ധാര്‍മ്മികതാ നാട്യങ്ങളോടുള്ള പരിഹാസമെന്ന നിലയില്‍ ഉദ്ദേശിക്കപ്പെട്ട എന്റെ പോസ്റ്റ് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അവസ്ഥയോട് സെന്‍സിറ്റിവിറ്റി പുലര്‍ത്തുന്നതല്ലെന്ന വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊള്ളുന്നതുകൊണ്ട് അത് സ്വമേധയാ പിന്‍വലിക്കുന്നു’ എന്നാണ് പോസ്റ്റ് പിന്‍വലിച്ചുകൊണ്ട് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചെര്‍പ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് ഞാനിന്നലെ ഇട്ട രണ്ടാമത്തെ പോസ്റ്റ് പിന്‍വലിക്കുന്നു. എന്റെ ഭാര്യയുടെ ചിത്രം വച്ച് അവഹേളിച്ചു കൊണ്ടുള്ള സിപിഎമ്മിന്റെ സൈബര്‍ ആക്രമണത്തെ ഭയന്നിട്ടല്ല, കുടുംബാംഗങ്ങളെ വച്ചുള്ള അതുപോലുള്ള ആക്രമണം സിപിഎം എനിക്കെതിരേയും ശ്രീമതി കെ.കെ രമ അടക്കം അവര്‍ക്ക് രാഷ്ട്രീയമായി വിരോധമുള്ള പലര്‍ക്കുമെതിരേയും സ്ഥിരമായി നടത്താറുണ്ട് എന്നതിനാല്‍ അക്കാര്യത്തില്‍ പുതുമയില്ല. എന്നാല്‍ സിപിഎമ്മിന്റെ ധാര്‍മ്മികതാ നാട്യങ്ങളോടുള്ള പരിഹാസമെന്ന നിലയില്‍ ഉദ്ദേശിക്കപ്പെട്ട എന്റെ പോസ്റ്റ് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അവസ്ഥയോട് സെന്‍സിറ്റിവിറ്റി പുലര്‍ത്തുന്നതല്ലെന്ന വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊള്ളുന്നതുകൊണ്ട് അത് സ്വമേധയാ പിന്‍വലിക്കുന്നു.

നാട്ടില്‍ നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി പാര്‍ട്ടി അന്വേഷണമെന്ന പേരില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കി സ്ത്രീ പീഡനക്കേസുകള്‍ അട്ടിമറിക്കുന്ന ഖാപ് പഞ്ചായത്തുകള്‍ സിപിഎം നടത്തുന്നിടത്തോളം കാലം ഇതുപോലുള്ള അവസരങ്ങളില്‍ ആ പാര്‍ട്ടിയും അതിന്റെ ഇരട്ടത്താപ്പും ചര്‍ച്ചാവിഷയമാകുക തന്നെ ചെയ്യും. ഇതുപോലൊരു ക്രൈമിന് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ് വേദിയായെന്ന ആരോപണം ഇര ഉയര്‍ത്തുമ്പോള്‍, പോലീസ് എഫ്ഐആറിലടക്കം അക്കാര്യം ഇടം പിടിക്കുമ്പോള്‍, എല്ലാ മാധ്യമങ്ങളും ഒരു ദിവസം മുഴുവന്‍ അത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, അതിനേക്കുറിച്ച് ട്രോളുകളടക്കമുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും സ്വാഭാവികമാണ്. ഇരയുടെ മൊഴിയാണ് പ്രധാനമെന്നിരിക്കെ, അതിനെ നിഷേധിക്കാന്‍ പാര്‍ട്ടി കാണിക്കുന്ന വ്യഗ്രത കാണ്‍കെ സംശയമുണ്ടാവുന്നതും സ്വാഭാവികം.

ഈ കേസ് അട്ടിമറിക്കാനും സിപിഎമ്മിന് ഇതില്‍ പങ്കില്ല എന്ന് വരുത്തിത്തീര്‍ക്കാനും പോലീസിന് മുകളില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെന്നത് വ്യക്തമാണ്. ഏതായാലും പോലീസ് കാര്യങ്ങള്‍ മുഴുവനും തുറന്നു പറയാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ വാര്‍ത്ത പൂര്‍ണ്ണമായും ശരിയാണോ എന്ന സംശയത്തിന്റെ ഒരു പുകമറ ഉയര്‍ന്നുവന്ന ധൈര്യത്തിലാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് കൂട്ടത്തോടെ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങി പൊളിറ്റിക്കല്‍ കറക്റ്റ്നെസ് പഠിപ്പിക്കാനും സൈബര്‍ അണികള്‍ക്ക് തെറിവിളി ആക്രമണം നടത്താനും ആത്മവിശ്വാസം ലഭിച്ചിരിക്കുന്നതെന്ന് കാണാവുന്നതാണ്. നേരത്തെ, ഷൊര്‍ണൂരിലെ സിപിഎം എംഎല്‍എ ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പലവിധ ട്രോളുകളും ഉയര്‍ന്നിരുന്നുവെങ്കിലും അന്ന് ആ പെണ്‍കുട്ടിക്ക് പിന്തുണയുമായി ”ഇടതുപക്ഷ’ സാംസ്‌ക്കാരിക നായകര്‍ ആരും കടന്നുവരാതിരുന്നതും ട്രോള്‍ ചെയ്തവരെ വിമര്‍ശിക്കാതിരുന്നതും അത്തരമൊരു പീഡന ശ്രമം യഥാര്‍ത്ഥത്തില്‍ അവിടെ നടന്നിരുന്നു എന്നതിന്റെ കുറ്റബോധത്തിലാണോ എന്നും തോന്നിപ്പോവുന്നു. സിപിഎം ബുദ്ധിജീവികളുടെ സെലക്റ്റീവ് ധാര്‍മികതയുടെ പൊള്ളത്തരം ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ഇങ്ങനെ പല അവസരങ്ങളിലായി ബോധ്യമായതാണ്.

എന്റെ വാക്കുകള്‍ അനുചിതമായിരിക്കാം, അംഗീകരിക്കുന്നു. എന്നാല്‍ അതിന്റെ എത്രയോ ഇരട്ടി അനുചിതമാണ് ഒരു ലൈംഗിക പീഡനക്കേസില്‍ പോലീസിന് പരാതി നല്‍കാന്‍ ഇരയെ അനുവദിക്കാതെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കുന്നത്, അതിലും അനുചിതമാണ് പ്രതിക്ക് പ്രതീകാത്മക ശിക്ഷ മാത്രം നല്‍കി രക്ഷപ്പെടുത്തുന്നത്, അതിനേക്കാള്‍ ലജ്ജാകരമാണ് ആ ശിക്ഷയെപ്പോലും പ്രഹസനമാക്കി തൊട്ടടുത്ത ദിവസങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രി തന്നെ പ്രതിയോടൊപ്പം വേദി പങ്കിട്ട് അയാള്‍ക്ക് പിന്തുണ സൂചിപ്പിക്കുന്നത്, അതിനേക്കാള്‍ കുറ്റകരമാണ് അതൊക്കെ കണ്ടിട്ടും കാണാത്തമട്ടില്‍ സ്ത്രീ സംരക്ഷകരായ ബുദ്ധിജീവികള്‍ വീണ്ടും വീണ്ടും ഭരണക്കാര്‍ക്ക് വാഴ്ത്തുപാട്ട് പാടുന്നത്.

ഓഡിറ്റിംഗ് എല്ലായിടത്തേക്കുമാവുകയാണെങ്കില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആന ചോരുന്നത് കാണാതെ കടുക് ചോരുന്നത് നോക്കിയിരുന്ന് ചര്‍ച്ച വഴിതിരിച്ചുവിടുന്ന ഇടതു ബുദ്ധിജീവികളുടെ പതിവ് കൗശലം എല്ലായ്പ്പോഴും വിലപ്പോവില്ല. കാത്തിരിക്കാം.

https://www.facebook.com/vtbalram/posts/10156503911799139

shortlink

Related Articles

Post Your Comments

Related Articles


Back to top button