ഫിറോസാബാദ്: സൈന്യത്തിനെതിരായ പ്രതിപക്ഷത്തിന്റെ വിവാദ പരാമർശങ്ങൾ തുടരുന്നു. സമാജ് വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവാണ് സൈന്യത്തിനും കേന്ദ്ര സർക്കാരിനുമെതിരെ വിവാദപരാമർശങ്ങളുമായി രംഗത്ത് വന്നത്. ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണം വോട്ട് തട്ടാനുള്ള ഗൂഢാലോചനയാണെന്നാണ് രാംഗോപാൽ യാദവിന്റെ പരാമർശം. നേരത്തെ ബലാക്കോട്ട് വ്യോമാക്രമണത്തെ വിമർശിച്ച് സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു.
യുദ്ധത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നായിരുന്നു കോടിയേരിയുടെ ആരോപണം. ഉത്തർപ്രദേശിൽ ഹോളി ആഘോഷങ്ങൾക്കിടെയാണ് യാദവിന്റെ വിവാദ പ്രസംഗം. ഇതിനെതിരെ വലിയപ്രതിഷേധമാണ് ഉത്തർപ്രദേശിൽ അലയടിക്കുന്നത്. ബലാക്കോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരന്മാരുടെ കൃത്യമായ എണ്ണം വ്യക്തമാക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൃതദേഹങ്ങളുടെ എണ്ണമെടുക്കലല്ല തങ്ങളുടെ ജോലിയെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ സാധുത സംശയിച്ച് തൃണമൂൽ കോൺഗ്രസ്സ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും രംഗത്ത് വന്നിരുന്നു.ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പത് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഫെബ്രുവരി പതിന്നാലിനായിരുന്നു ആക്രമണം.
Post Your Comments