മസ്‌കത്ത്: ഒമാനും അയല്‍ രാഷ്ട്രങ്ങളും തമ്മില്‍ തര്‍ക്കങ്ങളില്ലെന്നും മേഖലയില്‍ സമാധാന സംസ്ഥാപനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് അമേരിക്ക രൂപപ്പെടുത്തിയ ‘ഡീല്‍ ഓഫ് സെഞ്ച്വറി’ ആശയം നടപ്പിലാകണമെങ്കില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയെന്നതാണ് ഒമാന്റെ നയം. മറ്റ് രാജ്യങ്ങളുമായി സൗഹൃദ ബന്ധമാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ദര്‍ശനം.
ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ചകളിലൂടെ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കണം. സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാജ്യം രൂപമെടുത്തില്ലെങ്കില്‍ അമേരിക്കക്കാര്‍ക്ക് ‘ഡീല്‍ ഓഫ് സെഞ്ച്വറി’ നടപ്പാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമാന്‍ കള്‍ച്ചറല്‍ ക്ലബില്‍ രാജ്യത്തിന്റെ വിദേശകാര്യ നയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു യുസുഫ് ബിന്‍ അലവി. വിവിധ വിഷയങ്ങളില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ കീഴില്‍ രാജ്യം സ്വീകരിക്കുന്ന നിലപാടുകളെ കുറിച്ചും വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഒമാന്റെ സമീപനങ്ങള്‍ ഒളിയജന്‍ഡകളില്ലാത്തതാണ്. ഫലസ്തീനികള്‍ക്ക് മാത്രമല്ല, അവരുടെ മൊത്തം മേഖലക്ക് തന്നെ തന്ത്രപ്രധാനമാണ് ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സംസ്ഥാപനമെന്നും യൂസുഫ് ബിന്‍ അലവി വ്യക്തമാക്കി.
Post Your Comments