പനജി: മനോഹർ പരീക്കറുടെ പദ്ധതികൾ പൂർത്തീകരിക്കുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മനോഹർ പരീക്കർ തനിക്ക് ഗുരുവും വഴികാട്ടിയുമായിരുന്നു. അങ്ങേയറ്റം വിനയത്തോടെ താൻ അദ്ദേഹത്തിന്റെ പാത പിന്തുടരും. അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തന്നെ കാണാൻ വരുന്നവരാരും ബൊക്കെയുമായി വരരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
‘ഏവരുടെയും സഹകരണത്തോടെ വിജയമരമായി മുന്നോട്ട് പോകാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. മനോഹർ പരീക്കർ സർക്കാരിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളും പൂർത്തീകരിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. പരീക്കർ ഭായിയോളം പ്രവർത്തിക്കാൻ ഒരു പക്ഷേ എനിക്ക് സാധിക്കില്ലായിരിക്കാം, എന്നാൽ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും.’ പരീക്കറുടെ ഓർമ്മകളിൽ വികാരാധീനനായി അദ്ദേഹം പറഞ്ഞു.അർബുദ രോഗബാധയെത്തുടർന്ന് ഞായറാഴ്ചയായിരുന്നു മനോഹർ പരീക്കർ അന്തരിച്ചത്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.മനോഹർ പരീക്കർ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ഗോവ നിയമസഭ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. സാവന്തിനൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എംഎല്‍എ സുദില്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു.
ബിജെപി എം എൽ എ വിശ്വജിത്ത് റാണെ കാബിനറ്റ് മന്ത്രിയായും ചുമതലയേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു.
Post Your Comments