പനാജി: രാഷ്ട്രീയ പ്രേരണ മൂലം ആദ്യം എതിർത്ത നാട്ടുകാര്‍ ഒടുവിൽ എതിര്‍പ്പുകള്‍ അവസാനിപ്പിച്ച് സഹകരിച്ചതോടെ ഗോവയിലെ സാവോ ജസീന്തോ ദ്വീപില്‍ നാവികസേന ദേശീയ പതാക ഉയര്‍ത്തി.
ദക്ഷിണ ഗോവയിലെ ദ്വീപില്‍ പ്രദേശവാസികളുടെയും കോൺഗ്രസിന്റെയും എതിര്‍പ്പിനെത്തുടര്‍ന്ന് ത്രിവര്‍ണപതാക ഉയര്‍ത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയുകയായിരുന്നു.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പ്രതിഷേധിച്ച് സംസ്ഥാന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ജോസ് ഫിലിപ്പ് ഡിസൂസയുടെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ ദ്വീപിലെ പള്ളി സ്ക്വയറില്‍ ഒത്തുകൂടി. പ്രതിഷേധം ഉയർന്നതോടെ ജസിന്റോ ദ്വീപില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് ഉപേക്ഷിക്കേണ്ടിവന്നു എന്ന് നാവികസേന വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
നാട്ടുകാരുടെ നീക്കം ദേശവിരുദ്ധമാണെന്നും തീരുമാനം നടപ്പാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാനും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാവികസേനയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ദ്വീപില്‍ നാവികസേന ദേശീയപതാക ഉയര്‍ത്തിയത്. നാട്ടുകാരും ത്രിവര്‍ണപതാക ഉയര്‍ത്താന്‍ ഒപ്പം ചേരുകയും ചെയ്‌തു. പ്രദേശവാസികള്‍ക്ക് സദ്‌ബുദ്ധി തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചു.
നാവികസേന ത്രിവര്‍ണപതാക ഉയര്‍ത്തുന്നത് ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് പ്രദേശവാസികളെ ചിലർ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായാണ് നാവികസേന സാവോ ജസീന്തോ ദ്വീപില്‍ ദേശീയപതാക ഉയര്‍ത്താന്‍ തീരുമാനിച്ചത്. മേജര്‍ പോര്‍ട്‌സ് അതോറിറ്റീസ് ബില്‍ പാസാക്കിയത് ഉയർത്തിക്കാട്ടിയായിരുന്നു ദ്വീപ് നിവാസികളെ തെറ്റിദ്ധരിപ്പിച്ചത് എന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments