പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ യുവതി കുഞ്ഞിന് ജന്മം നൽകി. മുന അബ്‌ദലാവൽ (36) എന്ന എറിത്രിയൻ സ്വദേശിനിക്കാണ് വിമൻസ് വെൽനെസ് ആൻഡ് റിസർച്ച് സെന്ററിലെ (ഡബ്ല്യുഡബ്ല്യുആർസി) വിദഗ്ദരുടെ പ്രയത്നം മൂലം സ്വന്തം ജീവനും കുഞ്ഞിനേയും തിരിച്ചുകിട്ടിയത്. ഫെബ്രുവരി ഇരുപത്തിമൂന്നിWനായിരുന്നു സംഭവം. അമ്മയും കുഞ്ഞും പൂർണാരോഗ്യത്തോടെ കഴിഞ്ഞദിവസം ആശുപത്രി വിട്ടു.
പ്രസവവേദന അനുഭവപ്പെട്ട മുന, ഭർത്താവ് ഇബ്രാഹിമിനും മൂന്നു വയസുകാരിയായ മകൾക്കുമൊപ്പം കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ മുന്നോട്ടാഞ്ഞ മുനയ്‌ക്കും മകൾക്കും തലയ്‌ക്കു മുറിവേറ്റു. ഇബ്രാഹിം ഉടൻ ആംബുലൻസ് സേവനത്തിനായി 999 എന്ന നമ്പറിൽ വിളിച്ചു. ഒരു മിനിറ്റിനുള്ളിൽ അപകടസ്‌ഥലത്തെത്തിയ ആംബുലൻസിലെ പാരാമെഡിക്കൽ ടീം മുനയെ ഹമദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്ക് കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങിയിരുന്നു. ട്രോമ വിഭാഗം മേധാവി ഡോ. അബൂബക്കർ മുനയുടെ തലയിലെ മുറിവുകൾ പരിശോധിച്ചെങ്കിലും പ്രസവം അന്തിമ ഘട്ടത്തിലെത്തിയതിനാൽ കുഞ്ഞു പിറന്നതിന് ശേഷം മറ്റുചികിൽസകൾ നടത്താം എന്നായിരുന്നു ഡോക്‌ടറുടെ തീരുമാനം. മിനിറ്റുകൾക്കുള്ളിൽ മുന കുഞ്ഞിന് ജന്മം നൽകി. മകൾക്ക് എന്റേസ്യർ എന്നാണ് പേരിട്ടിരിക്കുന്നത്. ഹമദ് ആംബുലൻസ് വിഭാഗം, ജനറൽ ആശുപത്രി ട്രോമ വിഭാഗം, വിമൻസ് ആശുപത്രി എന്നിവയ്ക്കു നന്ദി പറയുകയാണ് മുന.
Post Your Comments