ന്യൂഡല്‍ഹി: : കോണ്‍ഗ്രസില്‍ അനിശ്ചിതത്വത്തില്‍ നാല് സീറ്റുകളില്‍ ആരൊക്കെയെന്ന് തീരുമാനമായി. സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. വയനാട്ടിലാരെന്നു നിശ്ചയിക്കാനാവാത്തതിനാലാണ് നാലിടത്തെയും തീരുമാനം വൈകുന്നത്. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. ഇതിനായി ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു.
വയനാട് ടി. സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. ഷാനിമോള്‍ ഉസ്മാന്, കെ.പി. അബ്ദുള്‍ മജീദ്, പി.എം. നിയാസ് എന്നിവരിലാരെയെങ്കിലും നിര്‍ത്തണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. തര്‍ക്കമൊന്നും നിലവിലില്ലെന്നും തിങ്കളാഴ്ചതന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ഞായറാഴ്ച രാവിലെ രമേശ് ചെന്നിത്തല മുല്ലപ്പള്ളിയുടെ വീട്ടിലെത്തി ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല. തീരുമാനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ വിളിച്ചത്. തിങ്കളാഴ്ച കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മൂന്നു നേതാക്കളുമായും ചര്‍ച്ചനടത്തും. തുടര്‍ന്നാണ് രാഹുലിനെ കാണുക.
ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍, ഷാനിമോള്‍ എന്നിവര്‍ പരിഗണനയിലുണ്ട്. ഷാനിമോള്‍ക്ക് വയനാട് നല്കുകയാണെങ്കില് ടി. സിദ്ദിഖിന് ആലപ്പുഴ എന്ന ഫോര്‍മുലയും മുമ്പിലുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനു മാത്രമാണ് സാധ്യത. അദ്ദേഹത്തെ ആലപ്പുഴയിലേക്കും പരിഗണിച്ചിരുന്നെങ്കിലും ആറ്റിങ്ങലില്‍ അടൂരിനോളം മത്സരക്ഷമതയുള്ള മറ്റൊരാളില്ലെന്നാണ് നേതൃത്വം കരുതുന്നത്.
Post Your Comments