Latest NewsIndia

‘മെം ഭി ചൗക്കീദാരി’നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. ‘മെം ഭി ചൗക്കീദാര്‍’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയ്‌ക്കെതിരെയാണ് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്.

മെം ഭി ചൗക്കീദാര്‍ എന്ന മൂന്ന് മിനിറ്റ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള തെരഞ്ഞെടുപ്പ് വീഡിയോയില്‍ ആറിടത്ത് ഇന്ത്യന്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു. ദേശീയപതാക ഉപയോഗിക്കുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഫ്‌ലാഗ്‌കോഡ് 2002 ല്‍ ദേശീയപതാക പരസ്യ ആവശ്യത്തിനു ഉപയോഗിക്കുന്നത് കുറ്റകരമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ലാഗ് കോഡിലെ ദുരുപയോഗം സെക്ഷന്‍ 5 ചട്ടം 29 പ്രകാരമാണ് ദേശീയപതാക പരസ്യത്തിനുപയോഗിക്കുന്നത് വിലക്കിയിട്ടുള്ളതെന്നും പരാതിയില്‍ എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. പരസ്യത്തില്‍ ഒരിടത്ത് സൂര്യാസ്തമയത്തിനു ശേഷം ദേശീയപതാക വഹിക്കുന്ന ഭാഗവും ചേര്‍ത്തിട്ടുണ്ട്. ഇത് കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ മിലിറ്ററി വിമാനം, മിലിറ്ററി ടാങ്ക്, സേനാ വിന്യാസ ട്രയല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നതും അനുചിതമാണെന്നു പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, ബിനു പെരുമന എന്നിവര്‍ പറഞ്ഞു.

നേരത്തെ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണങ്ങളില്‍ ദേശീയപതാക ഉപയോഗിച്ചിരുന്നു. ഇതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ദേശീയപതാക പാര്‍ട്ടി പ്രചാരണങ്ങളില്‍ ഉപയോഗിക്കുകയില്ല എന്ന സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രജിസ്‌ട്രേഷന്‍ അനുവദിച്ചത്. എല്‍ കെ അദ്വാനി ഉപപ്രധാനമന്ത്രി ആയ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അദ്വാനിയുടെ തെരഞ്ഞെടുപ്പ് വെബ് സൈറ്റില്‍ ദേശീയപതാക ഉപയോഗിച്ചിരുന്നത് ചൂണ്ടിക്കാട്ടി ഫൗണ്ടേഷന്‍ പരാതി നല്‍കുകയും അവ പിന്‍വലിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പില്‍ അപരന്മാരെ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് മെഷ്യനില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം ചേര്‍ക്കണമെന്ന നിര്‍ദ്ദേശം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ്. എം എല്‍ എ മാര്‍ സ്ഥാനത്തിരുന്ന് എം പി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനെതിരെയും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പത്രികയ്‌ക്കൊപ്പം മെഡിക്ലെയിം പോളിസി എടുത്തതിന്റെ രേഖ നിര്‍ബന്ധമാക്കണമെന്നതുള്‍പ്പെടെയുള്ള നിരവധി നിര്‍ദ്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ചിട്ടുണ്ട്. ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രചാരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button