ന്യൂഡല്‍ഹി: അവസാന നിമിഷം പ്രകടനപത്രിക കൊണ്ടുവരേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെയ്യുന്ന പ്രകടനപത്രികകൾ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ 48 മണിക്കൂറിനു മുന്‍പ് സമർപ്പിക്കണമെന്ന് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതിവരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിന്റെ വോട്ടെടുപ്പ് ദിവസമാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബിജെപി അവസാന നിമിഷം പ്രകടനപത്രിക പുറത്തിറക്കിയതെന്ന് ആരോപിച്ച് അന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
നിശബ്ദ പ്രചരണത്തിന്റെ കാലയളവില്‍ രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടില്ലെന്നും വാര്‍ത്താ സമ്മേളനങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും നടത്താന്‍ പാടില്ലെന്നും കമ്മീഷന് അറിയിച്ചു. 2017 ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസം രാഹുല്‍ ഗാന്ധിയുടെ അഭിമുഖം പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തത് വിവാദമായിരുന്നു. വോട്ടെടുപ്പിനു 48 മണിക്കൂര്‍ മുമ്പാണ് നിശബ്ദ പ്രചരണത്തിന്റെ സമയം ആരംഭിക്കുന്നത്.
Post Your Comments