കൊച്ചി: ബിജെപി നേതൃത്വവുമായി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വിശ്വസിക്കുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നീണ്ട വര്‍ഷത്തെ രാഷ്ട്രീയ അനുഭവമുള്ള നേതാവാണ് കെ വി തോമസ്. അദ്ദേഹത്തെ പോലെ രാഷ്ട്രീയ അനുഭവമുള്ള നേതാവിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ അതിന് പകരമായി നേതൃത്വം മറ്റ് പരിഗണനകള്‍ ആലോചിച്ചുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായി കാണേണ്ടതില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ നല്‍കാത്തതില്‍ തുറന്നടിച്ച് കെ വി തോമസ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും എന്ത് തെറ്റിന്റെ പേരിലാണ് തന്നെ മാറ്റി നിര്‍ത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ വി തോമസിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതെന്നാണ് സൂചന. ബിജെപി ദേശീയ നേതൃത്വം അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
അതേസമയം കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ശ്രമം പാളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന ചെന്നിത്തലയുടെ ആവശ്യം തോമസ് തള്ളി. എന്തിനാണ് ഈ നാടകമെന്നും ചെന്നിത്തലയോട് കെ.വി തോമസ് ചോദിച്ചു.
Post Your Comments