സിഡ്‌നി : അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ശൈത്യകാലം നഷ്ടമാകുമെന്ന് മുന്നറിയിപ്പുമായി ഗവേഷകര്‍. ഓസ്‌ട്രേലിയയിലാണ് ഭയാനകമായ വിധം കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ കാലാവസ്ഥാവ്യതിയാന ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ ആശങ്കപ്പെടുത്തുന്ന കണ്ടെത്തല്‍. 2050 ഓടെ രാജ്യത്തെ ശൈത്യകാലം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് ഈ പഠനത്തില്‍ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നത്.
ഓസ്‌ട്രേലിയയുടെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് എഎന്‍യു ഗവേഷകര്‍ ഭാവിയിലെ കാലാവസ്ഥയുടെ മാതൃക തയ്യാറാക്കിയത്. ഇപ്പോഴത്തെ നിരക്കില്‍ പ്രദേശത്തെ താപനില വര്‍ധിക്കുന്നതു തുടര്‍ന്നാലുണ്ടാകുന്ന മാറ്റങ്ങളാണ് ഇവര്‍ വിലയിരുത്തിയത്. ഇപ്പോള്‍ നാല് ഋതുക്കളാണ് ഓസ്‌ട്രേലിയയിലുള്ളത്. ഇത് മൂന്നായി ചുരുങ്ങുമെന്ന് ഗവേഷകര്‍ തയ്യാറാക്കിയ 30 വര്‍ഷത്തിനു ശേഷമുള്ള കാലാവസ്ഥാ മാതൃക പറയുന്നു.
വസന്തം, ശിശിരം എന്നിവയ്ക്കു പുറമെ വേനല്‍ക്കാലം കൂടി മാത്രമേ 30 വര്‍ഷം കൂടി പിന്നിടുന്നതോടെ ഓസ്‌ട്രേലിയയില്‍ അവശേഷിക്കൂ. ഇതില്‍ ശൈത്യകാലം ഇല്ലാതാകുന്നതോടെ വര്‍ധിക്കുക വേനല്‍ക്കാലത്തിന്റെ ദൈര്‍ഘ്യമായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂ സമ്മര്‍ അഥവാ പുതിയ വേനല്‍ക്കാലം എന്നതാണ് ഈ കാലത്തിനു ഗവേകര്‍ നല്‍കിയിരിക്കുന്ന പേര്.
ഈ പുതിയ വേനല്‍ക്കാലത്തെ താപനില പകല്‍സമയത്ത് 40 ഡിഗ്രിക്കു മുകളിലായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോള്‍ തന്നെ വേനല്‍ക്കാലത്ത് ചൂടു കാറ്റിനാല്‍ വലയുന്ന ഓസ്‌ട്രേലിയ ആശങ്കയോടെയാണ് ഈ കാലാവസ്ഥാ പ്രവചനത്തെ നോക്കിക്കാണുന്നത്. കാലാവസ്ഥായില്‍ വരുന്ന ഈ മാറ്റം ഓസ്‌ട്രേലിയയുടെ ആകെ ജൈവവ്യവസ്ഥയെ ബാധിക്കുമെന്നാണു കരുതുന്നത്.
Post Your Comments