തൃശൂര്‍ : മൊബൈല്‍ ഫോണും കൂട്ടുകാരും ,ഷോപ്പിംഗും, കറക്കവുമെല്ലാം ശീലമാക്കിയവര്‍ വായിച്ചറിയണം പ്രീതിയുടെ ജീവിതം. കുട്ടിക്കാലം മുതല്‍ കൂട്ടുകാരില്ലാതെ ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠനം, പിന്നെ ജീവിത്തില്‍ അനുഭവിച്ച ഏകാന്തതയും ഒറ്റപ്പെടലും. ജീവിതം ഇത്രമാത്രം ഇരുട്ടുമൂടിപ്പോയിട്ടും മരണത്തിലേക്ക് അഭയം തേടാതെ സധൈര്യം അവര്‍ മുപ്പത് വര്‍ഷങ്ങള്‍ ജീവിച്ചുതീര്‍ത്തിരിക്കുന്നു. ഇനിയും മനസ്സില്‍ നിന്ന് പ്രതീക്ഷകള്‍ പൂര്‍ണ്ണമായി ഇറങ്ങിപ്പോയിട്ടില്ല.
ജനിച്ചത് മുതല്‍ ഈ അപൂര്‍വ്വരോഗത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ് പ്രീതി. ശരീരത്തില്‍ നിന്ന് തൊലിയടര്‍ന്ന് ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും. എപ്പോഴും അസഹനീയമായ വേദനയായിരിക്കും. ചൂടുകാലമാകുമ്പോള്‍ ഈ ദുരിതം ഇരട്ടിയാകും. അപ്പോഴെല്ലാം കുളിമുറിയില്‍ കയറി ശരീരത്തില്‍ വെള്ളം കോരിയൊഴിച്ച് തണുപ്പിച്ച് താല്‍ക്കാലിക പരിഹാരം തേടും.
ഭേദപ്പെട്ട ചികിത്സകള്‍ കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ പ്രീതിക്ക് ചെറിയ പരിധി വരെയെങ്കിലും രോഗത്തെ തോല്‍പിക്കാനാകുമായിരുന്നു. പക്ഷേ അതിനുള്ള സാഹചര്യവും വീട്ടിലുണ്ടായിരുന്നില്ല. ശരീത്തിന്റെ വേദനയേക്കാളധികം അവര്‍ മനസ്സുകൊണ്ടാണ് വേദനിച്ചത്.
കാണുമ്പോഴുള്ള അസാധാരണമായ രൂപമാറ്റത്തെ ചുറ്റുമുള്ളവര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കുട്ടികള്‍ പ്രേതമെന്നും, ഭൂതമെന്നുമൊക്കെ മുഖത്തുനോക്കി വിളിക്കും. ആരും ഒരു ജോലി പോലും നല്‍കുന്നില്ല.
‘ജനിക്കുമ്പോ തുടങ്ങിയ അസുഖാണ് എന്റേത്. ഈ അസുഖം മാറിക്കാണണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. ഒരു പണിക്ക് പോകാനോ ഒന്നിനും വയ്യ. സ്‌കൂളില് പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. സ്‌കൂളില്‍ കഞ്ഞീല് തുപ്പീട്ടും ഒക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ് എന്റെ ജീവിതം മുഴുവന്‍ ണ്ടായിരുന്നത്. ഒരേയൊരു ബെഞ്ചില്‍ ഒറ്റക്കിരുന്നാണ് ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിച്ചത്. ഈ അപമാനോം കാര്യങ്ങളും ഒക്കെ സഹിച്ച്…. ഇനി എനിക്ക് നല്ലരീതിയില്‍ ജീവിക്കണംന്ന് ആഗ്രഹണ്ട്. അതിനെല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹോം സഹായോം വേണമെന്ന് നിങ്ങളോട് അപേക്ഷിക്ക്യാണ്…’- വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ പ്രീതി ചുവരിന് പുറം തിരിഞ്ഞുനിന്ന് വിതുമ്പുന്നു.
കൂലിവേലയ്ക്ക് പോകുന്ന അമ്മയുടെയും തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുന്ന അനിയന്റെയും കൂടെ പണി തീരാത്ത വീട്ടിലാണ് പ്രീതിയുടെ താമസം. മെച്ചപ്പെട്ട ചികിത്സയ്ക്കും, ചെലവിനും ഒന്നും ഇവരുടെ പക്കല്‍ പണമില്ല. സ്നേഹം വറ്റാത്ത മനസ്സുകളിലേക്ക് അവര്‍ സഹായത്തിനായി ഉറ്റുനോക്കുകയാണിപ്പോള്‍.
സാമൂഹ്യപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പ്രീതിയുടെ ജീവിതം സോഷ്യല്‍ മീഡിയ അറിഞ്ഞത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് ഷെയറും വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു.
Post Your Comments