വ്യാജവാര്‍ത്ത പരത്തുന്നു എന്നതാണ് വാട്ട്സ്ആപ്പിനെതിരെ പ്രധാനമായും ഉയരുന്ന പരാതികളിലൊന്ന്. തെറ്റായ വിവരങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം ഈ മാധ്യമത്തിലൂടെ പലരിലേക്ക് എത്താറുണ്ട്. എന്നാൽ നിങ്ങള്‍ക്കു ലഭിക്കുന്നതോ, നിങ്ങള്‍ അയക്കുന്നതോ ആയ ഒരു ചിത്രം ശരിക്കുള്ളതാണോ എന്ന് ആപ്പിനുള്ളില്‍ നിന്ന് തന്നെ സെർച്ച് ചെയ്‌ത് കണ്ടുപിടിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് വാട്ട്സ്ആപ്പ് ഇപ്പോൾ. ഗൂഗിളിന്റെ സഹായത്തോടെയാണ് ഇക്കാര്യം കണ്ടുപിടിക്കുന്നത്.
‘സെര്‍ച്ച് ഇമേജ്’ എന്നായിരിക്കും പുതിയ ഫീച്ചറിന്റെ പേര്. വാട്ട്സ്ആപ്പ് ചാറ്റിനുള്ളില്‍ തന്നെ നിന്നു ഫോട്ടോ ഗൂഗിളിലൂടെ സെര്‍ച്ച് ചെയ്യാന്‍ ഇതിലൂടെ കഴിയും. തങ്ങൾക്ക് ചാറ്റിലൂടെ ലഭിച്ച ചിത്രത്തിന്റെ സത്യാവസ്ഥ മനസിലാക്കാനും ഇത് ഉപകരിക്കുമെന്നാണ് സൂചന. വാട്ട്സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് ഇത് കണ്ടെത്തിയത്. ചാറ്റില്‍ ലഭിച്ച ഒരു ഫോട്ടോ സെലക്ട് ചെയ്തു കഴിയുമ്പോള്‍ സെര്‍ച്ച് ഓപ്ഷന്‍ ലഭ്യമാകുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ഉടൻ തന്നെ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുമെന്നാണ് വാബീറ്റാഇന്‍ഫോ വ്യക്തമാക്കുന്നത്.
Post Your Comments