കൊച്ചി: മുനമ്പത്തു നിന്ന് 70 പേരെ അനധികൃതമായി വിദേശത്തേക്കു കൊണ്ടുപോയെന്ന കേസിന്റെ എഫ്‌ഐആറില്‍ മനുഷ്യക്കടത്തിന്റെ വകുപ്പ് എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കൂടാതെ രാജ്യാന്തര പ്രസക്തിയുള്ള കേസ് അന്വേഷിക്കാന്‍ നിലവിലുള്ള ഏജന്‍സിക്ക് അടിസ്ഥാന സൗകര്യമില്ലെങ്കില്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാത്തതിനെ കുറിച്ചും വാദത്തിനിടെ കോടതി ചോദിച്ചു.
ജനുവരി 12ന് ശ്രീലങ്കക്കാരും ഇതര സംസ്ഥാനക്കാരുമായ സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട 70 അംഗ സംഘത്തെ മൂത്തകുന്നം മാല്യങ്കരയിലെ സ്വകാര്യ ജെട്ടിയില്‍ നിന്നു ബോട്ടില്‍ വിദേശത്തേക്കു കൊണ്ടുപോയെന്ന കേസില്‍ മുന്നും ഏഴും പ്രതികളായ അനില്‍കുമാര്‍, ഡല്‍ഹി സ്വദേശി രവി എന്നിവരുടെ ജാമ്യാപേക്ഷ ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ പരിഗണിക്കുകയായിരുന്നു.പാസ്പോര്‍ട്ട് നിയമം, കുടിയേറ്റ നിയമം, ഫോറിനേഴ്സ് നിയമം തുടങ്ങിയവയ്ക്കു പുറമേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ചില വകുപ്പുകളും വടക്കേക്കര പൊലീസ് കേസിലുള്‍പ്പെടുത്തിയിരുന്നു.
അനധികൃത കുടിയേറ്റം മാത്രമാണോ കേസിലുള്‍പ്പെട്ടിട്ടുള്ളത് ? രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുണ്ടോ? രാജ്യത്തിന്റെ രഹസ്യങ്ങള്‍ പുറത്തുപോയിട്ടില്ലെന്ന് ഉറപ്പുണ്ടോ? ഇരകളുടെ മൊഴി രേഖപ്പെടുത്താത്ത നിലയ്ക്ക് മനുഷ്യക്കടത്ത് ഇല്ലെന്ന് ഉറപ്പിക്കാനാകുമോ? എന്നും കോടതി ചോദിച്ചു.കേസ് റജിസ്റ്റര്‍ ചെയ്തതു മുതല്‍ ഓരോ ദിവസത്തെയും അന്വേഷണ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരണം നല്‍കണമെന്നു പൊലീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്. കേസ് അടുത്തയാഴ്ച പരിഗണിക്കും.
Post Your Comments