മാങ്കുളം: ഇടുക്കി ജില്ലയില്‍ മൂവായിരത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടാന്‍ സാധ്യത. ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ വീടനുവദിച്ചിട്ടും ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതുമൂലം ജില്ലയില്‍ 3000-ഓളം പേര്‍ക്ക് വീട് നിര്‍മാണം തുടങ്ങാനാവുന്നില്ല. ദേവികുളം പഞ്ചായത്തിലെ കുറ്റിയാര്‍വാലിയിലാണ് ഇതില്‍ കൂടുതലും. ഇവിടെ 800-ഓളം പേര്‍ക്ക് ഇതുവരെ രേഖകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
ഭൂമിയുടെ രേഖകള്‍ ഹാജരാക്കി തദ്ദേശ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പുവെച്ച ഗുണഭോക്താക്കള്‍ക്ക് ഒന്നും രണ്ടും ഗഡുക്കള്‍ നല്‍കിയെങ്കിലും മുകളില്‍ പറഞ്ഞ 3000 പേരുടെ കാര്യത്തില്‍ ലൈഫ് മിഷന്‍ അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
ഗുണഭോക്താക്കള്‍ സ്ഥലം സംബന്ധിച്ച രേഖകള്‍ ഹാജരാക്കി മാര്‍ച്ച് 31-നകം കരാര്‍ ഒപ്പുവെയ്ക്കണമെന്നാണ് വ്യവസ്ഥ. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ ഇവര്‍ക്ക് വീട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള ലൈഫ് മിഷന്റെ രണ്ടാംഘട്ട പദ്ധതിയില്‍ ജില്ലയില്‍ 12,000 പേര്‍ക്കാണ് വീട് അനുവദിച്ചത്. ഇതില്‍ 9000 പേര്‍ തദ്ദേശ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പുവെച്ച് വീട് പണി ആരംഭിച്ചു. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ഭൂമിയുടെ കൈവശാവകാശ രേഖ കിട്ടാത്തതാണ് പ്രശ്‌നമാവുന്നത്.
Post Your Comments