Latest NewsKerala

നഗരം ഗുണ്ടാ ലഹരി മാഫിയകളുടെ പിടിയിലെന്ന് ബി.ജെ.പി

തിരുവനന്തപുരം•നഗരം ലഹരി മാഫിയയുടെയും ഗുണ്ടാ മാഫിയകളുടെയും പിടിയിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ദിവസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. പോലീസും മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് സമാധാനം പറയണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്‍മാരാണ് ഇവരെ സംരക്ഷിക്കുന്നത്. ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കി. ആറ്റുകാല്‍, വഞ്ചിയൂര്‍, കൈതമുക്ക്, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടകള്‍ പ്രവര്‍ത്തിക്കുന്നത്. കൊലപാതകങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിയില്‍ സൂചന നല്‍കിയിട്ടും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ല. ഫോര്‍ട്ട് പോലീസ് സ്റ്റേഷനു കീഴിലാണ് ഇത്രയും അക്രമം നടക്കുന്നത്. സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥന്‍മാരും ഗുണ്ടകളുമായി ചങ്ങാത്തത്തിലാണ്. പ്രതികളെ പിടിക്കുന്നതോടൊപ്പം ഇവരെ സംരക്ഷിക്കുന്ന പോലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.

ശ്രീവരാഹത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഗുണ്ടകള്‍ വധിക്കാന്‍ ശ്രമിച്ചു. മുമ്പ് ഒരു കൊലപാതകം ഇവിടെ നടന്നിട്ടുണ്ട്. ശ്രീവരാഹം ക്ഷേത്രം കേന്ദ്രീകരിച്ചാണ് ഇവരുടെ താവളം. നിരവധി കേസുകളിലെ പ്രതികളാണ് ഇവിടെ തമ്പടിക്കുന്നത്. ഇവരെ പോലീസ് പിടികൂടാത്തതിനാലാണ് വീണ്ടും കൊലപാതകം നടന്നത്. സാധാരണക്കാര്‍ രാത്രി 12 മണിക്ക് ശേഷം റോഡില്‍ നിന്നാല്‍ പോലീസ് പിടികൂടും. എന്നാല്‍ അട്ടകുളങ്ങരയിലും, മാനവീയം വീഥിയിലും പുലരുവോളം നിരവധി സംഘങ്ങളാണ് തമ്പടിക്കുന്നത്. ഇവിടം മയക്കുമരുന്ന് ലഹരി വില്‍പ്പന വിതരണ കേന്ദ്രങ്ങളായി മാറുന്നുണ്ട്. പോലീസ് നടപടി സ്വീകരിക്കുന്നില്ല. നടപ്പാതകളും പുറമ്പോക്കുകളും അനധികൃതമായി കൈയ്യേറി മാര്‍ക്‌സസിറ്റ് പാര്‍ട്ടി നിര്‍മ്മിച്ചിരിക്കുന്ന പാര്‍ട്ടി ഓഫീസുകളാണ് ഗുണ്ടകളുടെ അഭയ കേന്ദ്രം. തമ്പാനൂര്‍, വഞ്ചിയൂര്‍, കൈതമുക്ക് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍. പെരുമാറ്റ ചട്ട ലംഘനമായതിനാല്‍ നടപ്പാതകളിലെ പാര്‍ട്ടി ഓഫീസ് പൊളിച്ച് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് മുഖ്യ ഓഫീസറോട് ആവശ്യപ്പെടും.

കെഎസ്ആര്‍ടിസി ബസുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 1000 ദിനത്തിലെ സര്‍ക്കാര്‍ പരസ്യം നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിട്ടും നീക്കം ചെയ്തില്ല. രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പരസ്യം നീക്കം ചെയിതില്ലാ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 4500 ബസുകളിൽ പരസ്യം ചെയ്തിട്ടും അതിന് സര്‌‍ക്കാർ കെഎസ്ആർടിസിക്ക് പണം നൽകിയിട്ടില്ല.

യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രജ്ഞിത് ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button