പത്തനംതിട്ട : ദേവപ്രശ്‌നത്തില്‍ ചില അനിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ശബരിമലയിലും മാളികപ്പുറത്തും ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം. ഇതിന്റെ ബാഗമായി ദേവ ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള വാസ്തു പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നു. വാസ്തു ശാസ്ത്ര വിദഗ്ധന്‍ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, അഭിഭാഷക കമ്മിഷന്‍ എ.എസ്.പി. കുറുപ്പ്, ദേവസ്വം അസി. എന്‍ജിനീയര്‍ കെ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാനങ്ങള്‍ നിശ്ചയിച്ചത്.
മാളികപ്പുറം ക്ഷേത്രത്തേക്കാള്‍ ഉയരത്തിലാണ് നവഗ്രഹ ക്ഷേത്രത്തിന്റെ സ്ഥാനം. എല്ലാം ഒരേ നിരപ്പില്‍ വേണമെന്നാണ് ദേവപ്രശ്‌നത്തില്‍ കണ്ടത്. അയ്യപ്പ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് മാളികപ്പുറത്തെ മണിമണ്ഡപം. അതിനാല്‍ മണിമണ്ഡപം അതേപടി നിലനിര്‍ത്തി അതിന്റെ അളവ് അനുസരിച്ചാകും പന്തളം രാജമണ്ഡപം പുതുക്കി പണിയുക. മാളികപ്പുറം ക്ഷേത്രത്തിന്റെ അളവ് അനുസരിച്ചാണ് ഉപദേവ ക്ഷേത്രങ്ങളുടെ അളവും സ്ഥാനവും നിശ്ചയിച്ചത്.
ഉണ്ടാകുന്ന മാറ്റങ്ങള്‍
നവഗ്രഹ ക്ഷേത്രം പൊളിക്കും. തറ മാളികപ്പുറം ക്ഷേത്രത്തിന്റെ അതേ നിരപ്പാക്കും. ഇപ്പോഴത്തെ സ്ഥലത്തു നിന്നും അല്‍പം മുന്നോട്ട് മാറ്റിയാണ് പുതിയ സ്ഥാനം.
ശബരിമല ശ്രീകോവിലിന്റെ കിഴക്ക് വശത്ത് ഗണപതിഹോമം നടക്കുന്ന മണ്ഡപത്തിലെ ഗണപതി വിഗ്രഹം മാളികപ്പുറത്തേക്ക് മാറ്റി പ്രതിഷ്ഠിക്കും. ഇതിന്റെ സ്ഥാനവും നിശ്ചയിച്ചു.
മാളികപ്പുറം ക്ഷേത്രത്തിന്റെ തിടപ്പള്ളി പൊളിച്ചു പണിയും. ഇതിന്റെ സ്ഥാനം കണ്ടു.
ഭഗവതിസേവ നടത്തുന്നതിനുള്ള മണ്ഡപവും തിടപ്പള്ളിയോടൊപ്പം ഉണ്ടാകും.
സന്നിധാനത്തെ ഗോശാലയുടെ സ്ഥാനം മാറും. ഇപ്പോഴത്തെ സ്ഥാനം കാലിത്തൊഴുത്തിന് പറ്റിയതല്ലെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയിരുന്നു.
മഴ നനയാതെ പടിപൂജ നടത്തുന്നതിന് പതിനെട്ടാംപടിക്ക് വാസ്തു പ്രകാരം മേല്‍ക്കൂര ഉണ്ടാക്കുന്നതിനുളള അളവുകളും നോക്കി.
Post Your Comments