ചെന്നൈ: ചെന്നൈയിലെ കോളേജിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പരിപാടി നടത്തിയത് വിവാദത്തിൽ. സംഭവത്തിൽ കോളേജ് എജുക്കേഷൻ ഡയറക്ടറേറ്റ് വിശദീകരണം തേടി. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ രാഷ്ട്രീയ നേതാവിന്റെ പരിപാടിക്ക് കോളേജ് എങ്ങനെ നൽകി എന്ന് വിശദീകരണം നൽകാൻ റീജിയണൽ എജുക്കേഷണൽ ഡയറക്ടറോട് ആവശ്യപ്പെട്ടു.രണ്ടു ദിവസം മുൻപാണ് രാഹുൽ ഗാന്ധി ചെന്നൈയിലെ സ്റ്റെല്ലാ മേരി കോളേജിൽ വിദ്യാർത്ഥിനികളുമായി സംവാദം നടത്തിയത്. സംഭവം സോഷ്യൽ മീഡിയയിലും മറ്റും വലിയ വാർത്തകളുമായിരുന്നു.
രാഹുൽ ഗാന്ധി പരിപാടിക്കിടയിൽ പറഞ്ഞ പല കാര്യങ്ങളും തെറ്റായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. പെൺകുട്ടികളോട് സംവദിക്കുന്നതിനിടെ രാഹുൽ ഗാന്ധി പച്ചക്കള്ളങ്ങൾ പറഞ്ഞത് സാമൂഹിക മാദ്ധ്യമങ്ങളിൽ പൊളിഞ്ഞിരുന്നു. അനിൽ അംബാനി ലോണെടുത്ത് രാജ്യം വിട്ടെന്നായിരുന്നു രാഹുലിന്റെ പ്രധാന പരാമർശം. വിജയ് മല്യയും നീരവ് മോഡിയും രാജ്യം വിട്ട കാര്യം പരാമർശിക്കുമ്പോഴായിരുന്നു രാഹുൽ അനിൽ അംബാനിയെ നാടുകടത്തിയത്.നോട്ട് അസാധുവാക്കലിനു ശേഷം നിങ്ങളുടെ അച്ഛനമ്മമാർ നൽകിയ പണമാണ് നരേന്ദ്രമോദി നീരവ് മോഡിക്ക് നൽകിയതെന്നും രാഹുൽ ആരോപിച്ചു.
35,000 കോടി നീരവ് മോഡിക്ക് നരേന്ദ്രമോദി സർക്കാർ നൽകിയെന്നും രാഹുൽ കണ്ടെത്തിയിട്ടുണ്ട്.എന്നാൽ യാഥാർഥ്യം, അനിൽ അംബാനി രാജ്യം വിട്ടു പോയിട്ടില്ല. നീരവ് മോദി ഫോർബ്സിന്റെ കോടീശ്വരന്മാരുടെ ആദ്യ നൂറു പേരുടെ പട്ടികയിൽ ഉൾപ്പെട്ടത് യുപിഎ സർക്കാരിന്റെ കാലത്ത് 2013 ലാണ്.കൂടാതെ നീരവ് മോദിയുടെ സാമ്പത്തിക ക്രമക്കേടുകൾ 2008 മുതലുള്ളതാണെന്നും തെളിഞ്ഞിരുന്നു.
കേന്ദ്ര സർക്കാർ നീരവിന്റെ അയ്യായിരത്തി ഒരുനൂറോളം കോടിയുടെ സ്വത്തുവകകൾ ഇതുവരെ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. പത്താം തീയതിയാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അന്ന് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തിരുന്നു.രാഹുൽ ഗാന്ധി 13 ആം തീയതിയാണ് പരിപാടിയിൽ പങ്കെടുത്തത്.
Post Your Comments