തൃശൂര്‍: ഏപ്രില്‍ മുതല്‍ ഷൊര്‍ണൂരില്‍ പ്രവേശിക്കാത്ത ട്രെയിനുകളുടെ ലിസ്റ്റ് പുറത്തുവിട്ട് റെയില്‍വെ . മൂന്ന് പ്രധാന എക്സ്പ്രസ് ട്രെയിനുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ പ്രവേശിക്കില്ല. തിരുവനന്തപുരം-ഡല്‍ഹി രപ്തി സാഗര്‍, ആലപ്പി-ധന്‍ബാദ്, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവയാണ് ഷൊര്‍ണൂരില്‍ പ്രവേശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ തിരിച്ചുവിടുന്നത്. ഷൊര്‍ണൂരിന് പകരം തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനായ തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗറില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. അമൃതയ്ക്ക് നിലവില്‍ ഒറ്റപ്പാലത്ത് സ്റ്റോപ്പുണ്ട്. രപ്തി സാഗറും ധന്‍ബാദും ഒറ്റപ്പാലത്ത് നിര്‍ത്തുന്നതും വള്ളത്തോള്‍ നഗറില്‍ സ്റ്റോപ്പ് അനുവദിക്കുന്നതും ഷൊര്‍ണൂരിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കും. ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ കിഴക്ക് ഭാഗത്തുകൂടി ഈ ട്രെയിനുകള്‍ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കും തിരിച്ച് ചെന്നൈ ഭാഗത്തേക്കുമായി ഓടും. സമയപ്രശ്നവും, സാങ്കേതിക പ്രശ്നവും ചൂണ്ടിക്കാട്ടിയാണ് തെക്കുനിന്ന് വരുന്ന എക്സ്പ്രസ് ട്രെയിനുകള്‍ പലതും വഴിതിരിച്ചുവിടുന്നത്.
ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുന്ന പുതിയ ട്രെയിന്‍ ടൈംടേബിള്‍ പ്രകാരം പ്രാബല്യത്തിലാകും. രപ്തി സാഗര്‍, ധന്‍ബാദ്, അമൃത എന്നിങ്ങനെ മൂന്ന് ട്രെയിനുകള്‍ മാത്രമാണ് പുതിയ സമയക്രമത്തിന്റെ പേരില്‍ ഷൊര്‍ണൂരില്‍നിന്നു ഒഴിവാക്കുന്നതെന്നും 14 ട്രെയിനുകള്‍ ഇത്തരത്തില്‍ വഴിതിരിച്ചുവിടുന്നുവെന്ന പ്രചാരണം തെറ്റാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Post Your Comments