തിരുവല്ല: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥിനി അയിരൂര്‍ ചരുവില്‍ കിഴക്കേതില്‍ കവിതയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. എന്നാൽ പെൺകുട്ടി മരിച്ചു എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് കേസെടുത്തു തുടങ്ങി. പെണ്‍കുട്ടി മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യനില അന്വേഷിച്ച് നിരവധി ഫോണ്‍കോളുകളാണ് ആശുപത്രിയില്‍ എത്തുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി.ഐ പി.ആര്‍.സന്തോഷ് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടര്‍ നടപടികളിലേക്കു നീങ്ങാനാണ് തീരുമാനം. വാര്‍ത്ത വന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ചുവരികയാണ്. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ബേണ്‍ ഐ.സിയുവില്‍ ചികിത്സയിലാണ്. വയറില്‍ കുത്തേറ്റ് കവിതയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തിരുവല്ലയിലെ ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയമാക്കിയിരുന്നു. ഇതിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചത്.
ഒരാഴ്ചയോളം ഐ.സിയുവില്‍ തുടരേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ട്. പ്രതി അജിന്‍ റെജി മാത്യു (18)വിനെ കോടതി റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി. പന്തളം ഗ്രാമന്യായാലയത്തിലാണ് ഇന്നലെ അജിനെ പൊലീസ് ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കും.
Post Your Comments