ന്യൂ ഡല്‍ഹി: രാജ്യത്തെ അഴിമഴി കോണ്‍ഗ്രസ് കുടുംബം നല്‍കിയ സംഭാവനയാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കുമെതിരെയാണ് സ്മൃതി ഇറാനി ആരോപണമുയര്‍ത്തിയത്. ഹരിയാനയിലെ ഭൂമി ഇടപാടിലും രാഹുല്‍ കുടുംബത്തിന് നേരിട്ട് പങ്കുണ്ടെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ദില്ലിയില്‍ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബേര്‍ട്ട് വദ്ര ഭൂമിയിടപാട് കേസില്‍ വെറും ബിനാമി മാത്രമാണ്. ഇടപാടിന് പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. പ്രവാസി വ്യവസായി സിസി തമ്പി, ആയുധ ഇടപാടുകാരന്‍ സജ്ഞയ് ഭണ്ഡാരി എന്നിവരുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്ത് അഴിമതി മാത്രമാണ് നടത്തുന്നതെന്നും സ്മൃതി ഇറാനി ആരോപിച്ചു.
അതേസമയം സ്മൃതിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പരാജയ ഭീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സര്‍ജേവാല പറഞ്ഞു.
Post Your Comments