തിരുവനന്തപുരം: ഗവര്‍ണ്ണര്‍ പദവി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആദ്യ ദിനം ചെലവഴിച്ചത് ആധ്യാത്മിക ഗുരുക്കന്മാരെ സന്ദര്‍ശിക്കാന്‍. കവയിത്രി സുഗതകുമാരിയുടെ വീട്ടില്‍ നിന്ന് തുടങ്ങിയ യാത്ര അവസാനിപ്പിച്ചത് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസിന്റെ മുന്‍പിലാണ്.ലത്തീന്‍ കാതോലിക്കാ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്യം, ചെമ്പഴന്തി ഗുരുകുലം, ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം, ചിന്താലയാശ്രമം, പോത്തന്‍കോട് ശാന്തിഗിരി ആശ്രമം, ശിവഗിരി മഠം എന്നിവിടങ്ങളും കുമ്മനം സന്ദര്‍ശിച്ചു.
കുമ്മനം രാജശേഖരന് ആറന്മുള ഗ്രാമവാസികളുടെയും ആറന്മുള അപ്പന്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. കുമ്മനം ഇല്ലായിരുന്നുവെങ്കില്‍ ആറന്മുളയിലെ 34 ഗ്രാമങ്ങള്‍ കഴിഞ്ഞ പ്രളയത്തില്‍ ഒലിച്ചു പോയേനെ. നൂറു കണക്കിന് ഏക്കര്‍ ഭൂമി കോണ്‍ക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടാണെന്നും അവര്‍ അനുസ്മരിച്ചു. സുഗതകുമാരിയുടെ അനുഗ്രഹം ആറന്മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്ന് കുമ്മനം പറഞ്ഞു.
എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിത്വമാണ് കുമ്മനം രാജശേഖരന്റേതെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസെപാക്യം പറഞ്ഞു. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള നേതാവാണ് കുമ്മനം. അതിലുപരി നല്ല മനുഷ്യനാണ്. ഗവര്‍ണര്‍ പദവി പോലെയുള്ള ഉന്നത സ്ഥാനം ഉപേക്ഷിക്കാന്‍ കഴിഞ്ഞത് സ്വാര്‍ത്ഥത ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തിയ കുമ്മനത്തെ അദ്ദേഹം സ്വീകരിച്ചു.
ഓഖി ദുരന്ത ശേഷം കുമ്മനം നടത്തിയ ഇടപെടലും അദ്ദേഹം അനുസ്മരിച്ചു. ദില്ലിയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സൂസെപാക്യത്തെ പറ്റി തിരക്കിയതായി കുമ്മനം പറഞ്ഞു. നേരില്‍ കാണുമ്പോള്‍ അന്വേഷണം അറിയിക്കാന്‍ പ്രധാനമന്ത്രി ഏല്‍പ്പിച്ചിരുന്നുവെന്ന് കുമ്മനം പറഞ്ഞു. ഓഖി ദുരന്ത സമയത്ത് എത്തിയപ്പോള്‍ പ്രധാനമന്ത്രി തന്റെ ആരോഗ്യ വിവരം അന്വേഷിച്ചത് ഇപ്പോഴും അത്ഭുതമായി തോന്നുന്നുവെന്ന് സൂസെപാക്യം പറഞ്ഞു. കുമ്മനത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ച പത്ത് മിനിറ്റോളം നീണ്ടു.
ശിവഗിരിയിലെത്തിയ കുമ്മനത്തെ മുന്‍ പ്രഡിഡന്റ് സ്വാമി പ്രകാശാനന്ദ ശിവഗിരിയുടെ സ്വന്തം ആള്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സ്വീകരിച്ചത്. പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പത്മശ്രീ ലഭിച്ച സ്വാമി വിശുദ്ധാനന്ദയെ കുമ്മനം ഷാള്‍ അണിയിച്ച് അനുമോദിച്ചു. ശ്രീനാരായണ ടൂറിസം സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാകാന്‍ കുമ്മനം വഹിച്ച പങ്ക് എടുത്തു പറഞ്ഞ സ്വാമി സാന്ദ്രാനന്ദ അതിലുള്ള നന്ദിയും അറിയിച്ചു. ശാരീരിക ബുദ്ധിമുട്ട് അവഗണിച്ച് കുമ്മനത്തോടൊപ്പം മഹാസമാധിയിലും സ്വാമി പ്രകാശാനന്ദ എത്തി. ഗുരുവിനെ വണങ്ങി മടങ്ങിയ കുമ്മനത്തെ ആശീര്‍വദിച്ചാണ് സ്വാമിമാര്‍ മടക്കിയത്. ചെമ്പഴന്തി ഗുരുകുലം, പോത്തന്‍കോട് ശാന്തിഗിരി ആശ്രമം, ചിന്താലയ ആശ്രമം എന്നിവിടങ്ങളും കുമ്മനം സന്ദര്‍ശിച്ചു.
വൈകിട്ട് പട്ടം കാതോലിക്കേറ്റ് സെന്ററില്‍ എത്തിയാണ് കുമ്മനം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലികാ ബാവയെ കണ്ടത്. പതിറ്റാണ്ടുകള്‍ നീണ്ട നല്ല ബന്ധമാണ് ഞങ്ങളുടേത്. അത് ഇപ്പോഴും അങ്ങനെയാണ്. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലികാ ബാവ പറഞ്ഞു. മംഗലാപുരത്തെ വര്‍ഗ്ഗീയ കലാപം കേരളത്തിലേയ്ക്ക് പടരാതിരിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചാണ് പരിശ്രമിച്ചതെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു. കുമ്മനത്തിന് എല്ലാവിധ അനുഗ്രഹങ്ങളും നേര്‍ന്നാണ് കര്‍ദിനാള്‍ അദ്ദേഹത്തെ യാത്രയാക്കിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്.സുരേഷ്, നേതാക്കളായ എം.ബാലമുരളി, സജജിത്കുമാര്‍, ഹരിലാല്‍, ആര്‍.സന്ദീപ്,ഡാനി ജെ പോള്‍ എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
Post Your Comments