Latest NewsKerala

കാര്‍ മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

രണ്ട് പേര്‍ അതീവഗുരുതരാവസ്ഥയില്‍

അഞ്ചരക്കണ്ടി: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതത്തൂണിലും മരത്തിലുമിടിച്ച് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തെ കുര്യപറമ്പില്‍ തോമസ് ലാലന്റെ മകന്‍ സ്‌കോളസ് തോമസാ(25)ണ് മരിച്ചത്.

കാറില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തലശ്ശേരി വടക്കുമ്പാട്ടെ സിദ്ധാര്‍ഥ് (25), കാസര്‍കോട് കാലിക്കടവിലെ അഭിജിത്ത് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 12-ഓടെ ചക്കരക്കല്ല്-അഞ്ചരക്കണ്ടി റൂട്ടില്‍ വളവില്‍പീടികയിലാണ് അപകടം.

കോളേജില്‍നിന്ന് രാത്രിയാണ് ഇവര്‍ ചക്കരക്കല്ലിലെത്തിയത്. മടങ്ങുമ്പോള്‍ വളവില്‍പീടികയിലെ വളവില്‍ ഇവരുടെ കാര്‍ വലതുവശത്തെ വൈദ്യുതത്തൂണില്‍ ആദ്യം ഇടിച്ചു. തുടര്‍ന്ന് തൊട്ടടുത്ത മരത്തിലുമിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൊങ്ങി അല്പം താഴെയുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് വീണു.

നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചക്കരക്കല്ല് പോലീസും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സ്‌കോളസ് മരിച്ചത്. മറ്റു രണ്ടുപേരെയും പ്രാഥമികചികിത്സ നല്‍കി മംഗളൂരുവിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button