സീസണില്‍ സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുന്ന സ്പാനിഷ് വമ്പന്മാരായ റയലിന് ഒടുവില്‍ ആശ്വാസ വാര്‍ത്തയെത്തിയിരിക്കുകയാണ്. ക്ലബിന്റെ പരിശീലക സ്ഥാനത്തേക്ക് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം അണിയിച്ച ശേഷം റയല്‍ വിട്ട സിദാന്, നിലവിലെ പരിശീലകനായ സാന്റിയാഗോ സോളാരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മടങ്ങി എത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് ക്ലബ് പരിശീലകനായി ചുമതലയേല്‍ക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് റയലിലേക്കുള്ള മടങ്ങിവരവ്. ലാലിഗയില്‍ 11 മത്സരങ്ങള്‍ മാത്രം അവശേഷിക്കവേയാണ് സിദാന് റയലിലേക്ക് എത്തുന്നത്. അവസാന മത്സരത്തില്‍ അയാക്സിനോട് പരാജയപ്പെട്ട റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായിരുന്നു. കോപ്പാ ഡെല്‍റേയിലും നേരത്തെ മടങ്ങേണ്ടിവന്നു. ഇതിന് പുറമെ ലാ ലീഗയിലെ ടീമിന്റെ സാധ്യതകളും അവസാനിച്ച സ്ഥിതിയാണ്.ലാലിഗയില്‍ മുഖ്യഎതിരാളിയായ ബാഴ്സലോണയ്ക്ക് 12 പോയിന്റ് പുറകിലാണ് റയലിപ്പോള്‍.
സിദാന് പിറകെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയും ക്ലബ് വിട്ടത് റയലിന് വലിയ അടിയായിരുന്നു. തുടര്‍ന്ന് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ച വെക്കാന്‍ ടീമിനായിരുന്നില്ല. ബദ്ധവൈരികളായ ബാഴിസയുമായുള്ള എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ വരെ ഏകപക്ഷീയമായപ്പോള്‍, പഴയ പ്രതാപത്തിലേക്ക് മടങ്ങാന്‍ റയല്‍ വല്ലാതെ കഷ്ടപ്പെടുകയായിരുന്നു. 2022 ജൂണ്‍ 30 വരെയാണ് സിദാന്റെ റയലുമായുള്ള കരാര്‍.
Post Your Comments