
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മോചിപ്പിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി സര്‍ക്കാരാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിടികൂടിയ മസൂദ് അസ്ഹറിനെ പാകിസ്ഥാനിലേക്ക് വിട്ടതെന്ന് പറയാൻ മോദി തയ്യാറാകണം. റാഫേല്‍ കരാറില്‍ അന്വേഷണം തുടങ്ങാന്‍ തീരുമാനിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ സി.ബി.ഐ ഡയറക്ടറെ മാറ്റി. അഴിമതിക്കെതിരെ പോരാടുമെന്നാണ് മോദി അറിയിച്ചിരുന്നത്. അതിനാല്‍ എന്തുകൊണ്ടാണ് 30,000 കോടി അനില്‍ അംബാനിക്കു നല്‍കിയതെന്ന് ജനങ്ങൾ ചോദിക്കണമെന്നും രാഹുൽ പറയുകയുണ്ടായി.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് വായ്പകള്‍ എഴുതി തള്ളി. ഗുജറാത്തിലെ ജനങ്ങളുടെ വായ്പ എഴുതിത്തള്ളാന്‍ ഞങ്ങള്‍ക്ക് ഒരവസരം ലഭിക്കാത്തതില്‍ വിഷമമുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments