ആലുവ: താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാർക്കെതിരേ അന്വേഷണം ആരംഭിച്ചു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അത്താണിയിൽനിന്ന് ആലുവയ്ക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ രാത്രി 10 ഓടെയാണ് പെൺകുട്ടി കയറിയത്. ബൈപാസിലൂടെ പോകുന്ന ബസുകൾ രാത്രിയായാൽ ബസ് സ്റ്റാൻഡിൽ കയറിപ്പോകണമെന്ന് നിയമമുണ്ട്. ആലുവ ബാങ്ക് കവലയിൽ ഇറക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടിട്ടും ബസ് നിർത്തിയില്ല.
തുടർന്ന് പെൺകുട്ടി ബെല്ലടിച്ചു. ഇതോടെ കുപിതനായി കണ്ടക്ടർ ഡബിൾ ബെല്ലടിക്കുകയും ബസ് സ്റ്റാൻഡിനടുത്ത് വൈദ്യുതിയില്ലാത്ത ഭാഗത്തെ റോഡിൽ പെൺകുട്ടിയെ ഇറക്കിവിടുകയുമായിരുന്നു. പെരുമ്പാവൂർ വിജിലൻസ് സ്ക്വാഡിലെ ഇൻസ്പെക്ടർ പി. രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ പെൺകുട്ടിയുടെ മൊഴിയെടുത്തു. ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസ് കണ്ടക്ടറോടും ബസ് ഡ്രൈവറോടും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ വിശദീകരണം തേടും. അതിനുശേഷമാകും നടപടിയെടുക്കുന്നത്.
Post Your Comments