കോതമംഗലം : ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട്ടമ്മയുടെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ ടാന്‍സാനിയന്‍ യുവാവ് അറസ്റ്റിലായി. മൊബൈല്‍ കമ്പനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സമ്മാനം അടിച്ചു എന്ന് വീട്ടമ്മയെ അറിയിച്ചാണ് യുവാവ് പണം തട്ടിയത്.
താന്‍സാനിയ സ്വദേശി അന്റോണി മ്ലാഷ്നി (26) യാണ് മുംബൈ വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയിലായത്. കോതമംഗലം ചെറുവട്ടൂര്‍ വരിക്കാനിക്കല്‍ ഗ്രേസിയെ കബളിപ്പിച്ചാണ് 25,000 രൂപ പ്രതി തട്ടിയെടുത്തത്. 2016 ഒക്ടോബര്‍ 20-നാണ് സംഭവം. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ എത്തിയതാണ് ഇയാള്‍. അഞ്ച് വര്‍ഷം ഇവിടെ പഠിച്ചതായാണ് പോലീസിന് ലഭിക്കുന്ന വിവരം.ഗ്രേസിയുടെ മൊബൈല്‍ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയതായി സന്ദേശവും പിന്നീട് അന്റോണിയുടെ ഫോണ്‍ വിളിയും വന്നു. താന്‍ ബ്രിട്ടീഷ് പൗരനാെണന്നും സമ്മാനത്തുകയുടെ നികുതി തുകയായ 25,000 രൂപ ഇയാളുടെ ഹൈദരാബാദിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും അറിയിച്ചു. തുക നിക്ഷേപിച്ചു കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതെ വന്നപ്പോഴാണ് ഗ്രേസി തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കിയത്. 2017 ജൂണില്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കി. പ്രതിയെ കണ്ടെത്താനാവാതെ വന്നപ്പോള്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ വിമാനത്താവളം വഴി പോകാനായി എത്തിയ അന്റോണിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് മുംബൈ പോലീസിനു കൈമാറി.
Post Your Comments