Latest NewsArticle

ശബരിമലയെ ഭയക്കുന്നത് ആരൊക്കെ : മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നീക്കം വിവാദത്തിലേക്ക് – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

ഒരു സംസ്ഥാനത്തെ വല്ലാതെ അലട്ടിയ, തിളച്ചുമറിച്ച ഒരു വിഷയം എങ്ങിനെ ആ നാട്ടിൽ തിരഞ്ഞെടുപ്പ് വിഷയം ആവാതിരിക്കും ?. സ്വാഭാവികമാണ് ഈ ചോദ്യം. എന്നാൽ കേരളത്തിൽ ഇന്നിപ്പോൾ അങ്ങിനെയൊരു ചോദ്യവും ഉയർന്നുവന്നിരിക്കുന്നു. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടികാ റാം മീനയാണ് ഇത് ഉയർത്തിക്കൊണ്ടുവന്നത്. ശബരിമല എന്ന് ഉച്ചരിച്ചുകൂടാ എന്നതാണ് അദ്ദേഹത്തിന്റെ മനസ്സിൽ എന്ന് തോന്നുന്നു. തീർച്ചയായും അതൊരു ചർച്ചാവിഷയമാവാൻ പോകുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എടുത്ത നിലപാടിനെ സ്വാഭാവികമായും ബിജെപി ചോദ്യം ചെയ്തിട്ടുമുണ്ട്.

മതവും ജാതിയും വർഗീയപരമായ പ്രസ്താവനകളും മറ്റും തിരഞ്ഞെടുപ്പ് വിഷയമാക്കിക്കൂടാ എന്നത് ഇന്നാട്ടിലെ വ്യവസ്ഥയാണ്. എന്നാൽ ശബരിമല അങ്ങനെയല്ലല്ലോ. ശബരിമലയിലേത് ഒരു ആചാരവുമായി ബന്ധപ്പെട്ട വിഷയമാണ്. അനേകകോടി ഭക്ത ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രശ്നമാണ്. കോടിക്കണക്കിന് പേര് വിശ്വസിക്കുന്ന ക്ഷേത്രം തകർക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമാണ് വിവാദങ്ങൾ എന്ന് കരുതുന്ന ഭക്തരുടെ വികാരവും അവിടെ ഉയർന്നുനിൽക്കുന്നു. എന്തായാലും ഒരു കോടതി വിധി ഉയർത്തിക്കാട്ടി ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാനും ക്ഷേത്ര ചൈതന്യത്തിന് പോലും കോട്ടമുണ്ടാക്കുന്ന വിധത്തിൽ നടപടികൾ സ്വീകരിക്കാനും ഒരു ഭരണകൂടം തയ്യാറായപ്പോൾ ജനങ്ങൾ ജാതി മത ഭേദമന്യേ തെരുവിലിറങ്ങി. അതിനെത്തുടർന്നുണ്ടായ അതിക്രമങ്ങളും മറ്റ്‌ നടപടികളുമാണ് ഇന്നിപ്പോൾ കേരള സമൂഹത്തെ അലട്ടുന്നത്.

ശരിയാണ്, ഈ വിഷയം കോടതിയിലാണ്. ആദ്യ വിധിക്കെതിരെ സമർപ്പിച്ച റിവ്യൂ ഹർജികൾ കോടതി കേട്ട് കഴിഞ്ഞു. വേറെ ചില അപ്പീലുകൾ കൂടി കോടതി മുന്പാകെയുണ്ട്. അതും കോടതി പരിഗണിക്കാനിരിക്കുന്നു. അപ്പോൾ എന്ത് വിധി നിലവിലുണ്ടെങ്കിലും ഇന്നിപ്പോൾ പ്രശ്നം കോടതിയുടെ പരിഗണയിലുള്ള പ്രശ്നമാണ്. കോടതിയിലുള്ള ഒരു വിഷയത്തെക്കുറിച്ച് എന്തും പറഞ്ഞുകൂടാ എന്നതൊക്കെ ന്യായമായ കാര്യമാണ്. പക്ഷെ ഇവിടെ അതൊന്നും അല്ലാത്ത കുറെ പ്രശ്നങ്ങൾ ഉണ്ടല്ലോ……. ശബരിമലയിൽ ദർശനത്തിന് പോയ തീർത്ഥാടകരെ വഴിയിൽ പോലീസ് തടഞ്ഞത്, അറസ്റ്റ് ചെയ്തത്, എന്തിനേറെ ഒരു കേന്ദ്ര മന്ത്രിയോട് പോലും ചില ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയത്……..

എത്രയോ സ്ത്രീകൾക്കെതിരെ കേസ് എടുത്തു; എത്രയോ പാവങ്ങളെ ജയിലിലടച്ചു; എത്രയോ പേരെ ക്രൂരമായി മർദ്ദിച്ചു……. എന്തിന്. അവർ ശബരിമല അയ്യപ്പൻറെ ഭക്തരായിരുന്നു എന്നത് കൊണ്ടുമാത്രം. അയ്യപ്പ മന്ത്രം ഉരുവിട്ടുകൊണ്ട് തെരുവിലിറങ്ങി നടന്നതിന്റെ പേരിലല്ലേ പലരെയും പ്രതിക്കൂട്ടിലാക്കിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കുന്നത് ശരിയല്ല എന്ന നിലപാട് എടുത്തത് കൊണ്ടുമാത്രം. അതൊക്കെ ചെയ്തുകൂട്ടിയ പോലീസ് ഉദ്യോഗസ്ഥർ ഇന്നും കേരളത്തിലുണ്ട്. അവരെ സംരക്ഷിക്കുന്നത് ഈ സർക്കാരല്ലേ ….. ഇതൊക്കെ ഇത്തവണ തിരഞ്ഞെടുപ്പ് വിഷയമാവരുത് എന്ന് ആഗ്രഹിക്കുന്നത് ആരാണ്…… സർക്കാരാണ്, സർക്കാരിന് നേതൃത്വം നൽകുന്ന കക്ഷിയാണ്. അവർക്ക് വേണ്ടിയാണോ യഥാർഥത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സംസാരിച്ചത്…….?. എങ്കിൽ അത് അസ്വാഭാവികമാണ്. അതല്ലല്ലോ അദ്ദേഹത്തിന്റെ ജോലി, ഉത്തരവാദിത്വം.

sabarimala

ചില യാഥാർഥ്യങ്ങൾ നാം കാണാതെ പോകരുത്. ശബരിമല കേസിലെ സുപ്രീം കോടതി വിധി യഥാർഥത്തിൽ ചില തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്തതാണ് എന്ന് കരുതുന്ന കോടിക്കണക്കിന് പേര് ഇന്നുമുണ്ട് . മുൻപ് മഹാരാഷ്ട്രയിലെ ശനി ഷിൻഗനാപ്പൂർ ക്ഷേത്രത്തിൽ സമാനമായ ഒരു പ്രശ്നമുണ്ടായിരുന്നു; അത് കോടതി വിധിയിലൂടെ പരിഹരിച്ചു. എന്നാൽ അവിടെ ആരും വൈകാരികമായി, ആരാധനാ സമ്പ്രദായത്തിന്റെ ഭാഗമായി അതിനെ കാണുകയുണ്ടായില്ല. അതുകൊണ്ടാണ് അവിടെ ആ കോടതി വിധി നടപ്പിലാക്കാനായത്. അത് ശബരിമലയിലേത് പോലെയല്ല. ആ ക്ഷേത്രത്തെക്കുറിച്ച് ചിലത് മനസിലാക്കുന്നത് നല്ലതാണ്. അതൊരു തുറസായ സ്ഥലമാണ്. മേൽക്കൂരയൊന്നുമില്ലാത്ത പ്രതിഷ്ഠ. അതുതന്നെ സ്വയംഭൂ ആണ്. ആ നാടിന്റെ പ്രത്യേകത കൂടി നാം കാണേണ്ടതുണ്ട്; അവിടെ ഒരു വീടിനും കച്ചവട സ്ഥാപനത്തിലും വാതിലുകളില്ല, ഇന്നും. പോസ്റ്റ് ഓഫീസ് പോലും രാത്രികളിൽ പൂട്ടാറില്ല. അതിന്റെ ആവശ്യമില്ലെന്ന് നാട്ടുകാർ കരുതുന്നു; അതൊക്കെ സംരക്ഷിക്കുന്നത് ശനി ദേവനാണ് എന്നതാണ് അവരുടെ വിശ്വാസം. ഇക്കാലത്തും അങ്ങിനെയൊക്കെ നടക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. വേറൊന്ന്, ക്ഷേത്രത്തിൽ വനിതകൾക്ക് പ്രവേശനമില്ല എന്നതായിരുന്നില്ല അവിടെയുംപ്രശ്നം; എന്നാൽ അവിടെയും ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചെല്ലാം. തൊഴാം; എന്നാൽ ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് അടുത്തുവരെ സ്ത്രീകൾ പോകാറില്ലായിരുന്നു; അതിന്റെ പേരിലായിരുന്നു കോലാഹലം. എന്തായാലും ആ നാട്ടുകാർ കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ യാതൊന്നും പറഞ്ഞില്ല. ‘പോകേണ്ടവർ പൊയ്‌ക്കോട്ടെ, എന്നാൽ ഞങ്ങൾ പോകുന്നില്ല’ എന്ന് നാട്ടുകാർ നിലപാട് എടുത്തു. ഇപ്പോഴും പുറമെനിന്ന് വരുന്ന ചിലരൊക്കെ പ്രതിഷ്ഠക്ക് അടുത്തുവരെ പോകുന്നുണ്ട് എന്നതിലുപരി അവിടെ അത്രവലിയ പ്രശ്നനങ്ങൾ ഒന്നുമില്ല.

ശബരിമലയിലെ പ്രശ്നവും സ്ത്രീകൾക്ക് ഉണ്ടായിരുന്ന നിരോധനമായിരുന്നില്ല. അവിടെയും സ്ത്രീകൾ വരുന്നുണ്ടായിരുന്നു; ഒരു പ്രത്യേക പ്രായത്തിലുളളവർ പോകാറില്ല അല്ലെങ്കിൽ അവർക്ക് പ്രവേശനമില്ല എന്നതായിരുന്നു വിഷയം. അതൊരു വിശ്വാസത്തിന്റെ, ആചാരത്തിന്റെ, സങ്കൽപ്പത്തിന്റെ, അനുഷ്ഠാ നത്തിന്റെ പ്രശ്നമായിരുന്നു. ആചാരവും അനുഷ്ഠാനവുമൊക്കെ കോടതി തീരുമാനിക്കാൻ പോയാലോ?. ശങ്കരാചാര്യരും മറ്റ്‌ സ്വാമിയാർ മറുമൊക്കെ നിശ്‌ചയിച്ചതാണത്, പലയിടത്തെയും. അതിൽ കയ്യിടുക മാത്രമല്ല, അതിനെ വക്രീകരിച്ചു കാണിക്കാനും ഹിന്ദു വിശ്വാസത്തെ അധിക്ഷേപിക്കാനുമാണ് ഒരുകൂട്ടർ ശ്രമിച്ചത്. യഥാർഥത്തിൽ ഇവിടെ നടന്നത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നുവല്ലോ. ഈശ്വരനിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മിലെ പോരാട്ടം. തങ്ങൾക്ക് ഈശ്വരനിൽ വിശ്വാസമില്ല, ദൈവമുണ്ട് എന്ന് തങ്ങൾ കരുതുന്നില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടക്കുന്നവർ ശബരിമലയുമായി ബന്ധപ്പെട്ട കോടാനുകോടി ഭക്തരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശ്വാസപ്രമാണങ്ങളെ വ്രണപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അത് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര സങ്കൽപ്പങ്ങൾക്ക് വിരുദ്ധവുമാണ്. ഇന്ത്യ ഒരിക്കലും മതങ്ങളെയും വിശ്വാസങ്ങളെയും നിരാകരിക്കുന്ന മതേതരത്വ സങ്കല്പമല്ലല്ലോ സ്വീകരിച്ചതും പുലർത്തിപ്പോന്നതും. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കുന്ന, അതേസമയം പോറ്റിവളർത്തുന്ന സങ്കൽപ്പമാണ് നമ്മുടേത് . എന്നാൽ കമ്മ്യുണിസ്റ്റുകൾക്ക് ഇത് എന്നും നിഷേധാത്മക സമീപനമായിരുന്നു. അവർ മതത്തെ നിരാകരിക്കുന്ന ചിന്തയുടെ ഉടമസ്ഥരാണ് എന്നും. അതാണ് കേരളത്തിൽ സംഘർഷത്തിന് വഴിവെച്ചത്.

ഇവിടെ ഈ തിരഞ്ഞെടുപ്പിൽ ഉയരാൻ പോകുന്ന പ്രശ്നവും അതൊക്കെയാണ്, പ്രത്യേകിച്ചും ഈശ്വര വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാർ ക്ഷേത്ര ഭരണം ഏറ്റെടുക്കുന്നത്, അവിടെ ഹിന്ദു വിരുദ്ധവും ആചാര വിരുദ്ധവുമായ കാര്യങ്ങൾ ചെയ്യുന്നത്, ക്ഷേത്രാചാരങ്ങൾ ലംഘിക്കാൻ ശ്രമങ്ങൾ നടത്തുന്നത് അതിലൂടെ ഹിന്ദുക്കളുടെ വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിക്കുന്നത്…… ചെറിയ പ്രശ്നമല്ല. ക്ഷേത്രത്തിലെ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എന്നിവയൊക്കെ ആരാണ് തീരുമാനിക്കേണ്ടത് തുടങ്ങിയ പ്രശ്നങ്ങളും ഇവിടെ ഉയർന്നുവരും. വിശ്വാസവും ആചാരവും അനുഷ്ടാനവും ഒക്കെ സംരക്ഷിക്കാനായി ആഗ്രഹിക്കുന്നവരെ നിരീശ്വര വാദികളായവർ നേതൃത്വം നൽകുന്ന ഭരണകൂടം തച്ചുതകർക്കാൻ ശ്രമിച്ചാലോ …..അത് ഒരു തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടെന്ന് ആർക്കാണ് പറയാനാവുക?. അങ്ങിനെ ഒരു നിലപാട് ഒരു ഉദ്യോഗസ്ഥൻ എടുത്താൽ അല്ലെങ്കിൽ അങ്ങിനെയൊരു ഉദ്യോഗസ്ഥൻ ചിന്തിച്ചാൽ അത് തെറ്റാണ്; തിരുത്തപ്പെടേണ്ടതാണ്. ഇത് സർവകക്ഷി യോഗം വിളിച്ചുകൂട്ടി തീരുമാനിക്കേണ്ടുന്ന വിഷയവുമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button