പാമ്പാടി: ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റ് തിരിച്ചു നല്‍കി വയോധികനായ ലോട്ടറി കച്ചവടക്കാരന്റെ നന്മ. പാമ്പാടി കൂടാരംകുന്ന് രാമസ്വാമി (60)
ആണ് ഇന്ന് നന്മയുടെ പര്യായമായി മാറിയത്.
ഫോണിലൂടെയാണ് രാമസ്വാമയിടെ കയ്യില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. എന്നാല്‍ ടിക്കറ്റിന്റെ നമ്പര്‍ പോലും പൂര്‍ണമായി പറഞ്ഞു കൊടുത്തിരുന്നില്ല. ടിക്കറ്റിലെ അവസാന നാല് അക്കങ്ങള്‍ മാത്രമാണ് രാമസ്വാമി കൈമാറിയത്. അതേസമയം ടിക്കറ്റ് വാങ്ങിയ വകയില്‍ ആറായിരത്തിലേറെ രൂപ തരാനുള്ളയാള്‍ക്കാണ് രാമസ്വാമി സമ്മാന ടിക്കറ്റ് കൊടുത്തത്.
കൂലിപ്പണികളെടുത്ത് ഉപജീവനം നടത്തിയിരുന്ന രാമസ്വാമി ശാരീരികമായ അസ്വസ്ഥതകള്‍ മൂലമാണു 4 വര്‍ഷം മുമ്പ് വീടിനു സമീപത്തായി പാമ്പാടി മുതിയാര്‍കോട് റോഡരികില്‍ മഹാലക്ഷ്മി ലോട്ടറി സ്റ്റാള്‍ ആരംഭിച്ചത്. ഓല ഷെഡ്ഡിലായിരുന്നു കടയുടെ പ്രവര്‍ത്തനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ എന്‍എക്‌സ് 366446 എന്ന ടിക്കറ്റ് രാമസ്വാമി ഫോണിലൂടെ കൈമാറിയത്. 12 ടിക്കറ്റുകള്‍ മാറ്റിവയ്ക്കാനാണ് ഇയാള്‍ രാമസ്വാമിയോട് ആവശ്യപ്പെട്ടത്. ടിക്കറ്റ് മാറ്റിവച്ച ശേഷം അവസാന 4 അക്കങ്ങള്‍ ഫോണില്‍ കൈമാറുകയായിരുന്നെന്നു രാമസ്വാമി പറഞ്ഞു. എന്നാല്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ പിന്നീടയാള്‍ എത്തിയതുമില്ല.
ആ ടിക്കറ്റുകളിലൊന്നിനാണു 60 ലക്ഷത്തിന്റെ സമ്മാനമെന്നു വൈകിട്ട് അറിഞ്ഞിട്ടും ഭാവഭേദമൊന്നും കൂടാതെ രാമസ്വാമി ടിക്കറ്റുകള്‍ കൈമാറി. സമ്മാനാര്‍ഹമായ ടിക്കറ്റ് സ്വന്തമാക്കാന്‍ പല സാധ്യതകളുമുണ്ടെന്നറിഞ്ഞിട്ടും അതിനൊന്നും ലോട്ടറി ചില്ലറ വില്‍പനക്കാരനായ വയോധികന്‍ മുതിര്‍ന്നില്ല.
Post Your Comments