തൃശൂര്‍ : അന്തര്‍ സംസ്ഥാന ലോറി മോഷണ സംഘം അറസ്റ്റില്‍. സംഘാംഗങ്ങള്‍ പൊലീസിനോട് വെളുപ്പെടുത്തിയത് മോഷണപരമ്പര. ആറ് മാസത്തിനിടെ 10 ലോറികളാണ് സംഘം കവര്‍ന്നത്. ഒട്ടേറെ വാഹന മോഷണക്കേസുകളിലെ പ്രതിയായ കോഴിക്കോട് ഫറോഖ് കക്കാട്ടുപറമ്പില്‍ അബ്ദുല്‍ സലാം (33), സംഘാംഗങ്ങളായ കോഴിക്കോട് പെരുമണ്ണ ഇട്ട്യാലി കുന്നുമ്മേല്‍ ഷംസുദീന്‍ (39), പെരുമണ്ണ പിലാക്കാട്ട് സമീര്‍ (42), തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശികളായ അരുള്‍ദാസ് (34), വേല്‍മുരുകന്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 18ന് മരത്താക്കര ചേര്‍പ്പൂക്കാരന്‍ ആന്റണിയുടെ ലോറി മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ കുടുക്കിയത്. ഒട്ടേറെ വാഹന മോഷണക്കേസുകളില്‍ പിടിക്കപ്പെട്ട് വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബറിലാണ് അബ്ദുല്‍ സലാം പുറത്തിറങ്ങുന്നത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളില്‍ മാറിമാറി താമസിക്കുന്നതിനിടെ 10 ലോറികള്‍ മോഷ്ടിച്ചു. ജനുവരി 8ന് എരുമപ്പെട്ടിയിലെ സിമന്റ് ഗോഡൗണിനു മുന്നില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ് ലോറി മോഷ്ടിച്ചതും ഡിസംബര്‍ 28ന് ഒറ്റപ്പിലാവില്‍ നിന്നു മിനി ലോറി മോഷ്ടിച്ചതും ഏതാനും ദിവസം മുന്‍പ് ആമ്പല്ലൂരിലെ ഓട്ടുകമ്പനി പരിസരത്തു നിന്നു ലോറി കടത്തിയതും സലാമിന്റെ സംഘം തന്നെയെന്നു പൊലീസ് കണ്ടെത്തി. മുല്ലശേരി, ചേരാനെല്ലൂര്‍, അങ്കമാലി, ആലുവ, കാലടി എന്നിവിടങ്ങളില്‍ നിന്ന് ഇവര്‍ ലോറികള്‍ മോഷ്ടിച്ചു.
മോഷ്ടിച്ച ലോറികള്‍ ഡിണ്ടിഗലിലെത്തിച്ച് ഉടന്‍ പൊളിച്ചു വില്‍ക്കുകയായിരുന്നു രീതി. ഇതിന് പ്രത്യേക സംഘംതന്നെയുണ്ട്. മോഷ്ടാക്കളെ കുടുക്കാന്‍ കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്ര രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
Post Your Comments