തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി വൈകിയോട്ടം 33 ദിവസം കൂടി തുടരാന്‍ സാധ്യത. ഏപ്രില്‍ 14 വരെ എറണാകുളത്തിനും അങ്കമാലിക്കും ഇടയ്ക്ക് രാത്രി മൂന്നരമണിക്കൂര്‍ ഗതാഗതം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഡിവിഷന് ചെന്നൈയിലേക്ക് കത്തയച്ചിട്ടുണ്ട്
പണികള്‍ക്ക് അനുമതി ചോദിച്ചു കൊണ്ടുള്ള കത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അതേസമയം തിരുവനന്തപുരത്ത് നിന്ന് രാത്രി 10-ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ് ഒരുമണിക്കൂര്‍ നേരത്തേയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ അങ്കമാലിക്കും എറണാകുളത്തിനും ഇടയിലുള്ള ഡൗണ്‍ലൈനില്‍ (തെക്കോട്ടുള്ള വണ്ടികള്‍ പോകുന്ന പാളം) നടന്നു വന്നിരുന്ന അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസം അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ പണിക്ക് അനുമതി തേടിയത്. എറണാകുളത്തിനും അങ്കമാലിക്കും ഇടയിലുള്ള അപ്പ് ലൈനിലാണ് (വടക്കോട്ടുള്ള പാളം) ഇനിയുള്ള പണികള്‍.
ആദ്യ എട്ടുദിനം എറണാകുളത്തിനും ഇടപ്പള്ളിക്കും ഇടയിലും മാര്‍ച്ച് 18 മുതല്‍ 25 വരെ ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിലും മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ നാലുവരെ കളമശ്ശേരിക്കും ആലുവയ്ക്കും ഇടയിലും ഏപ്രില്‍ നാലുമുതല്‍ 14 വരെ ആലുവയ്ക്കും അങ്കമാലിക്കും ഇടയിലുമാണ് പണികള്‍ ഉണ്ടാവുക. രാത്രി 2.10 മുതല്‍ രാവിലെ 5.45 വരെയാണ് ഗതാഗതം നിര്‍ത്തിവെയ്ക്കുക.
അതേസമയം പുതിയ പണികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ചെന്നൈ എഗ്മോറില്‍നിന്ന് ഗുരുവായൂരിലേക്കുള്ള എക്സ്പ്രസി വണ്ടി എറണാകുളം ജങ്ഷനില്‍ രണ്ടുമണിക്കൂര്‍ പിടിച്ചിടും. പുലര്‍ച്ചെ നാലിന് ഈ സ്റ്റേഷനില്‍ എത്തുന്ന ട്രെയിന്‍ രാവിലെ ആറിനു മാത്രമേ ഗുരുവായൂരിലേക്ക് പുറപ്പെടൂ. രാവിലെ ആറിന് ഗുരുവായൂരിലേക്ക് പുറപ്പെടുന്ന 56370-ാം നമ്പര്‍ പാസഞ്ചര്‍ ഓടില്ല.
Post Your Comments