മലപ്പുറം: ജയിലഴിക്കുള്ളിലായ നിരപരാധിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനാണിപ്പോള്‍ ഹീറോ. ലോക്കപ്പിലായ നിരപരാധിയെ രക്ഷിക്കുക മാത്രമല്ല ഇയാളെ പ്രതിയാക്കാന്‍ പദ്ധതികള്‍ മെനഞ്ഞ സൂത്രധാരനെ പിടികൂടുകയും ചെയ്തിരിക്കുകയാണ് മോഹനചന്ദ്രന്‍. ഓട്ടോയില്‍ കഞ്ചാവുവെച്ച ക്വാറി മാഫിയാ തലവന്‍ കാരാത്തോട് പാണ്ടിക്കടവത്ത് അബു താഹിറിനെ (35) യാണ് അറസ്റ്റ് ചെയ്തത്.
ക്വാറി മാഫിയക്കെതിരെ പ്രതികരിച്ചതിന് കഞ്ചാവ് കേസിലകപ്പെടുത്തി ജയിലിലടക്കപ്പെടുകയായിരുന്നു ഓട്ടോ ഡ്രൈവര്‍ വേങ്ങര കാരാതോട് സ്വദേശി ഫാജിദ്.
പ്രതിയെ കുടുക്കിയ കഥ ഇങ്ങനെ…
കഴിഞ്ഞ വര്‍ഷം ജൂണ്‍ 22ന് പുലര്‍ച്ചെയായിരുന്നു സംഭവം. മുന്‍പ് ഇത്തരത്തിലുള്ള ഒരു കേസിലും പെടാത്ത പൊതുരംഗത്ത് സജീവമായിരുന്ന ഫാജിദ് കഞ്ചാവ് കേസില്‍ അകപ്പെട്ടത് നാട്ടില്‍ ചര്‍ച്ചയായിരുന്നു. വേങ്ങരയിലെ യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ അടിപിടിയും വാക്ക് തര്‍ക്കവുമുണ്ടായിരുന്നു. മറു ചേരിയിലുള്ള യുവാവിനെ കുടുക്കാന്‍ മണ്ണ്-മണല്‍ ക്വാറി ഇടപാട് നടത്തുന്ന അബു താഹിര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ അടിപിടിയും വഴക്കും ഇവിടെ സാധാരണയായിരുന്നു.
വേങ്ങര എസ്.ഐക്ക് വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്.ഐ.ക്ക് വിവരം നല്‍കിയത് അബുതാഹിര്‍ തന്നെ ആയിരുന്നു. അന്ന് തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പരിചയക്കാരായ മറ്റ് പോലീസുകാരെയും വിളിച്ച് അയാള്‍ ഇതേ വിവരം പറഞ്ഞു. അറസ്റ്റിലായ ഫാജിദ് എന്ന യുവാവിനെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാവിനെ ചതിയില്‍ പെടുത്തിയതാകാം എന്ന നിഗമനത്തില്‍ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ ഏഴു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടു. ജാമ്യത്തിലിറങ്ങിയ ശേഷം യുവാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സൂത്രധാരന്‍ പിടിയിലാകുന്നത്. ഇതിനായി നാട്ടുകാര്‍ പ്രത്യേകം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അന്വേഷണ ചുമതല പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് കൈമാറുകയായിരുന്നു. അന്വേഷണത്തില്‍ യുവാവ് നിരപരാധിയാണെന്ന് കണ്ടതോടെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
വേങ്ങരയിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും എസ്ഐക്ക് വിവരം നല്‍കിയ അബു താഹിറിന്റെയും സുഹൃത്തുക്കളുടെയും മൊബൈല്‍, ഫേസ്ബുക്ക്, വാട്സാപ്പ് സന്ദേശങ്ങളും നിരീക്ഷിച്ചു. സംഭവ സമയത്ത് ക്ലബ്ബിന്റെ പരിസരത്ത് ഓട്ടോ നിര്‍ത്തി ഫാജിദ് ഫുട്ബോള്‍ മത്സരം കണ്ടിരിക്കെ രണ്ട് യുവാക്കള്‍ ക്ലബ്ബിന്റെ അടുത്തേക്ക് കവര്‍ തൂക്കിപ്പിടിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ഡിസംബറില്‍ വേങ്ങര സ്വദേശികളായ ആലമ്പറ്റ ഭരതന്‍(35), ചക്കിങ്ങത്തൊടി കബീര്‍(28) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. ഇതോടെ പ്രധാന സൂത്രധാരനായ അബു താഹിര്‍ ഒളിവില്‍ പോയി. പിന്നീടാണ് പിടിച്ചത്. കട്ടവനെ കണ്ടില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന പൊലീസ് ശൈലിയാണ് അന്വേഷണമികവിലൂടെ മോഹനചന്ദ്രന്‍ തിരുത്തിക്കുറിച്ചത്.
Post Your Comments