ന്യൂയോര്‍ക്ക്•ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് വിമാനം ആകാശച്ചുഴിയില്‍ വീണ് 30 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളില്‍ നിന്ന് വന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങുന്ന തിന് മുന്‍പായിരുന്നു അപകടം.
പരിക്കേറ്റവരെ വിമാനം ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ശേഷം പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഒരു വിമാന ജീവനക്കാരിയുടെ കാലിന് പൊട്ടലുണ്ടെന്ന് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ന്യൂയോര്‍ക്ക് പോര്‍ട്ട് അതോറിറ്റി വക്താവ് സ്റ്റീവ് കോള്മാന് പറഞ്ഞു.
ബോയിംഗ് 777 വിമാനത്തില്‍ 326 യാത്രക്കാരും 22 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് ഏതാനും മിനിട്ടുകള്‍ ആകാശച്ചുഴിയില്‍ കുടുങ്ങിയത്. ലാന്‍ഡ് ചെയ്യാന്‍ 45 മിനിട്ട് മാത്രമുള്ളപ്പോഴായിരുന്നു ഇതെന്നും കോള്മാന് പറഞ്ഞു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സംഭവം ബാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തെക്കുറിച്ച് തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
Post Your Comments