KeralaLatest News

ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നില നിന്നിരുന്നു. എന്നാല്‍ സിപിഎം പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വീണ്ടും പിവി അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ചതോടെ അനിശ്ചിതത്വം നീങ്ങുകയായിരുന്നു.

പി കരുണാകരന്‍ ഒഴികെ സിപിഎമ്മിന്റെ എംപിമാരെല്ലാം മത്സര രംഗത്തുണ്ട്. പൊന്നാനിയില്‍ പിവി അന്‍വര്‍, ആലപ്പുഴയില്‍ എഎം ആരിഫ് ,പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജ്, കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ തുടങ്ങി നാല് എംഎല്‍എമാര്‍ മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ കോട്ടയത്തും പി ജയരാജന്‍ വടകരയിലും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് എറണാകുളം മണ്ഡലത്തിലും കെഎന്‍ ബാലഗോപാല്‍ കൊല്ലത്തും മത്സരത്തിനുണ്ടാകും.നെടുമങ്ങാട് എംഎല്‍എ സി ദിവാകരനും അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും അടക്കം രണ്ട് എംഎല്‍എമാരെ ഉള്‍പ്പെടുത്തിയാണ് സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക. മറ്റ് ഘടക കക്ഷികള്‍ക്കൊന്നും ഇത്തവണ സീറ്റില്ല.

സീറ്റില്ലാത്തതിലെ എതിര്‍പ്പ് ജെഡിഎസും എല്‍ജെഡിയും ഇടത് മുന്നണി യോഗത്തില്‍ അറിയിച്ചിരുന്നു. തര്‍ക്കങ്ങളില്ലെന്നും മുന്നണിയുടെ ഐക്യത്തിന് വേണ്ടി തീരുമാനത്തോട് യോജിക്കുന്നു എന്നുമാണ് ഘടക കക്ഷി നേതാക്കളുടെ പ്രതികരണം. മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് ഇടത് മുന്നണി തീരുമാനം. ശബരിമല വിഷയത്തില്‍ നഷ്ടപ്പെടാന്‍ ഇടയുള്ള വോട്ടുകള്‍ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാന്‍ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രകടമാണ്. ഏറ്റവും ഒടുവില്‍ നടന്ന കാസര്‍കോട്ടെ ഇരട്ട കൊലപാതകം അടക്കം പാര്‍ട്ടിക്കെതിരായ പ്രചരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സിപിഎം ചെറുക്കുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ മത്സരത്തിനിറങ്ങുന്നതോടെ വടക്കന്‍ ജില്ലകളിലെ പാര്‍ട്ടി സംവിധാനം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ സജ്ജരായി രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button